ലണ്ടന്‍: വീക്കെന്‍ഡിലും, അടുത്ത ആഴ്ചയിലേക്കും മഞ്ഞ്, ഐസ് എന്നിവ മൂലമുള്ള മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. യാത്രകള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടുമെന്ന് സൂചിപ്പിക്കുന്ന അലേര്‍ട്ടുകള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ടിലെ ഭാഗങ്ങളാണ് കവര്‍ ചെയ്യുന്നത്. തിങ്കളാഴ്ചയിലേക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിനായി മറ്റൊരു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചില റോഡുകളും, റെയില്‍വെ ലൈനുകളും കാലാവസ്ഥയില്‍ ബാധിക്കപ്പെടുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. ട്രീറ്റ് ചെയ്യാത്ത റോഡുകളിലും, നടപ്പാതകളിലും, സൈക്കിള്‍ പാതകളിലും ഐസ് പാച്ചുകളും രൂപപ്പെടും.
ഐസ് നിറഞ്ഞ ഇടങ്ങളില്‍ തെന്നിവീണ് പരുക്കേല്‍ക്കാനുള്ള സാധ്യതകളുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. സ്‌കോട്ട്ലണ്ടിലെ മുന്നറിയിപ്പ് ഞായറാഴ്ച, തിങ്കളാഴ്ച ദിവസങ്ങളില്‍ പൂര്‍ണ്ണമായി നിലനില്‍ക്കുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ അലേര്‍ട്ട് തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ നീളും. സ്‌കോട്ട്ലണ്ടില്‍ തിങ്കളാഴ്ച മൊബൈല്‍ ഫോണ്‍ കവറേജും, വൈദ്യുതിയും തകരാറിലാകാന്‍ സാധ്യതയുണ്ട്. അടുത്ത ആഴ്ചയും, ബുധനാഴ്ചയിലേക്കും തണുത്ത കാലാവസ്ഥ തുടരുമെന്നാണ് കരുതുന്നത്. സ്‌കോട്ട്ലണ്ടിലെ ചില ഭാഗങ്ങളില്‍ -5 സെല്‍ഷ്യസ് വരെ താപനില താഴാമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു. എഡിന്‍ബര്‍ഗില്‍ -3 സെല്‍ഷ്യസ് വരെയും താപനില താഴാം. ബെല്‍ഫാസ്റ്റില്‍ -1 സെല്‍ഷ്യസ്, മാഞ്ചസ്റ്ററില്‍ -2 സെല്‍ഷ്യസ്, ബര്‍മിംഗ്ഹാമില്‍ 0 സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില പ്രതീക്ഷിക്കുന്നത്.