ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ആഴ്ച അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്നത് ഉറപ്പായതോടെ ബ്രിട്ടനിലെ ബാങ്കുകള്‍ തമ്മില്‍ മോര്‍ട്ട്ഗേജ് പോര് ആരംഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പലിശ നിരക്ക് 3.5 ശതമാനത്തില്‍ താഴെയെത്തുന്നത്.
ബ്രിട്ടനിലെ ഏറ്റവും വലിയ വായ്പാ ദാതാവായ ഹാലിഫാക്‌സ്, അവരുടെ ഫിക്‌സ്ഡ് റേറ്റ് ഡീലുകളില്‍ 0.17 ശതമാനം വരെ കുറവ് വരുത്തി. ഇപ്പോള്‍ 3.57 ശതമാനം പലിശ നിരക്കില്‍ വരെയുള്ള ഡീലുകളാണ് ഹൈസ്ട്രീറ്റ് ബാങ്ക് ഓഫര്‍ ചെയ്യുന്നത്.
ഈയാഴ്ച തന്നെ പല വായ്പാ ദാതാക്കളും പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹാലിഫാക്‌സിന്റെ വന്‍ ഇളവ്. നേരത്തേ നാറ്റ് വെസ്റ്റ്, ബാര്‍ക്ലേസ്, നേഷന്‍വൈഡ് എന്നിവരും പലിശയിളവ് പ്രഖ്യാപിച്ചിരുന്നു. അതില്‍ ഏറ്റവും ആകര്‍ഷണീയമായത് സാന്റാന്‍ഡേഴ്‌സ് പ്രഖ്യാപിച്ച 3.51 ശതമാനത്തിന്റെ ഡീലാണ്. പുതുവത്സരാരംഭത്തിലും മോര്‍ട്ട്ഗേജ് നിരക്കുകള്‍ വീണ്ടും താഴുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്. പലിശ നിരക്ക് 3 ശതമാനം വരെ താഴാനിടയുണ്ടെന്നും അവര്‍ പറയുന്നു.
40 ശതമാനം ഡെപ്പോസിറ്റ് നല്‍കി മോര്‍ട്ട്ഗേജിന് ശ്രമിക്കുന്നവര്‍ക്ക് ഇപ്പോള്‍ 3.65 ശതമാനത്തിന് താഴെ പലിശ നിരക്കുള്ള അഞ്ച് ഡീലുകള്‍ ലഭ്യമാണ്. റീമോര്‍ട്ട്ഗേജിന് ശ്രമിക്കുന്നവര്‍ക്കും കുറഞ്ഞ നിരക്കിലുള്ള ഡീലുകള്‍ ലഭ്യമാണ്. ഇതില്‍ ഏറ്റവും മികച്ചതെന്ന് കണക്കാക്കുന്നത് നാറ്റ് വെസ്റ്റിന്റെ 3.66 ശതമാനം നിരക്കിലുള്ള രണ്ട് വര്‍ഷത്തെ ഫിക്‌സ്ഡ് ഡീലാണ്. എന്നാല്‍ ഇതിന് 1,454 പൗണ്ടിന്റെ ഫീസ് ഉണ്ടെന്നത് ശ്രദ്ധേയമാണ്.
അടുത്ത വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 4 ശതമാനത്തില്‍ നിന്നും 3.75 ശതമാനമാക്കി കുറയ്ക്കുമെന്നാണ് വ്യാപകമായി വിശ്വസിക്കപ്പെടുന്നത്. വാണിജ്യ വായ്പാദാതാക്കള്‍ സൂക്ഷിക്കുന്ന പണത്തിന് ബാങ്ക് നല്‍കുന്ന പലിശ നിരക്കായതിനാല്‍ ഇതിലെ മാറ്റങ്ങള്‍ തീര്‍ച്ചയായും മോര്‍ട്ട്ഗേജ് നിരക്കുകളെയും നേരിട്ട് സ്വാധീനിക്കും