ലണ്ടന്‍: ഹോം ഓഫീസിന്റെ പുതിയ ഡിജിറ്റല്‍ ഓണ്‍ലി ഇ-വിസ പദ്ധതി ജനറല്‍ ഡാറ്റ പ്രൊസസിംഗ് റെഗുലേഷന്‍ (GDPR) ലംഘിക്കുന്നുണ്ടോ എന്നതിനെ കുറിച്ച് അന്വേഷണം വേണമെന്ന് വിവിധ സിവില്‍ സമൂഹ സംഘടനകള്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണേഴ്‌സ് ഓഫീസിനോട് ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാര്‍ക്ക് അവരുടെ നിയമപരമായ സ്റ്റാറ്റസ് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും, അതീവ പ്രാധാന്യമുള്ള വ്യക്തിഗത വിവരങ്ങള്‍ ചോരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. തുടര്‍ച്ചയായ ഡാറ്റാ പിഴവുകളും പദ്ധതി രൂപകല്പനയിലെ തകരാറുകളും അന്വേഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
ഓപ്പണ്‍ റൈറ്റ്സ് ഗ്രൂപ്പ് നേതൃത്വം നല്‍കി വിവിധ സംഘടനാ പ്രതിനിധികള്‍ ഒപ്പുവെച്ച കത്തില്‍ ഹോം ഓഫീസ് ഡാറ്റാ സംരക്ഷണത്തിലും സമത്വം ഉറപ്പാക്കുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ചു. സിസ്റ്റം തകരാറിലാകുമ്പോള്‍ ജനങ്ങള്‍ക്ക് ജോലി ലഭിക്കാതെ വരികയും വീടുകള്‍ ലഭിക്കാതെ വരികയും യാത്രയും വിദ്യാഭ്യാസവും തടസ്സപ്പെടുകയും ചെയ്യുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പഴയ ഫിസിക്കല്‍ രേഖകള്‍ക്ക് പകരം കുടിയേറ്റ സ്റ്റാറ്റസ് തെളിയിക്കുന്ന രേഖകള്‍ ഡിജിറ്റല്‍ ആയതിനാല്‍ സിസ്റ്റം തകരാറിലാകുമ്പോള്‍ അത്യാവശ്യ സര്‍വീസുകള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
ഇ-വിസ സ്‌കീമുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ഡാറ്റാ പിഴവുകള്‍ സംഭവിക്കുന്നതും, ഇത് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ഡാറ്റാ സുരക്ഷയെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്യുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു