ലണ്ടന്‍: ലണ്ടന്‍ ഗാറ്റ്വിക് വിമാനത്താവളത്തിലെ ഡ്രോപ്പ്-ഓഫ് ചാര്‍ജുകള്‍ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ 7 പൗണ്ടായിരുന്ന ഫീസ് 2026 ജനുവരി 6 മുതല്‍ 10 പൗണ്ടായി ഉയരും. 43 ശതമാനം വര്‍ദ്ധനവോടെ യുകെയിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഡ്രോപ്പ്-ഓഫ് ഫീസ് ഗാറ്റ്വിക്കിലായിരിക്കും.
ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ബിസിനസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതാണ് ഈ വര്‍ദ്ധനവിന് കാരണമെന്ന് ഗാറ്റ്വിക് വിമാനത്താവളം വ്യക്തമാക്കി. ''ഡ്രോപ്പ്-ഓഫ് ചാര്‍ജിലെ വര്‍ദ്ധനവ് നിസ്സാരമായി എടുത്ത തീരുമാനമല്ല. ബിസിനസ് നിരക്കുകളുടെ ഇരട്ടിയിലധികം വര്‍ദ്ധനവ് ഉള്‍പ്പെടെ നിരവധി ചെലവുകള്‍ നേരിടേണ്ടി വരുന്നു. പൊതുഗതാഗതത്തിന്റെ കൂടുതല്‍ ഉപയോഗം പ്രോത്സാഹിപ്പിക്കാനും, കാറുകളുടെ എണ്ണം കുറയ്ക്കാനും, ടെര്‍മിനലുകളിലേക്കുള്ള പ്രവേശന കവാടത്തിലെ തിരക്ക് നിയന്ത്രിക്കാനും, സുസ്ഥിര ഗതാഗത പദ്ധതികള്‍ക്ക് ധനസഹായം നല്‍കാനുമാണ് ഈ വര്‍ദ്ധനവ് സഹായിക്കുക,'' വിമാനത്താവള വക്താവ് വ്യക്തമാക്കി.
അതേസമയം, ലോങ്ങ് സ്റ്റേ കാര്‍ പാര്‍ക്കുകളില്‍ യാത്രക്കാരെ സൗജന്യമായി ഇറക്കിവിടാനും ടെര്‍മിനലുകളിലേക്ക് സൗജന്യ ഷട്ടില്‍ ബസ് ഉപയോഗിക്കാനും സൗകര്യമുണ്ടാകും. നീല ബാഡ്ജ് ഉടമകള്‍ക്ക് ഡ്രോപ്പ്-ഓഫ് ഫീസില്‍ നിന്ന് ഒഴിവാക്കലും ലഭിക്കും.
വര്‍ദ്ധനവ് ടാക്‌സി, മിനികാബ് നിരക്കുകളില്‍ കൂടി പ്രതിഫലിക്കാനിടയുണ്ടെന്നാണ് സൂചന. 2021 മാര്‍ച്ചില്‍ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ഗാറ്റ്വിക്കിലെ ഡ്രോപ്പ്-ഓഫ് ഫീസ് 5 പൗണ്ടായിരുന്നു