ലണ്ടന്‍: പോസ്റ്റ് ഓഫീസ് നികുതിയില്‍ 100 മില്യണ്‍ പൗണ്ടില്‍ അധികം തട്ടിപ്പ് നടന്നതായി വിദഗ്ധ അഭിപ്രായം. ടാക്‌സ് പോളിസി അസോസിയേറ്റ്‌സിലെ അഭിഭാഷകനായ ഡാന്‍ നീഡിലാണ് ഹൊറൈസണ്‍ അഴിമതിയുടെ ഇരകള്‍ക്കുള്ള പെയ്മെന്റുകള്‍ കുറച്ച് അടച്ചെന്നും ഇതുവഴി ലാഭം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്. നികുതി അടയ്ക്കുന്നത് സംബന്ധിച്ചുള്ള നിയമ ലംഘനമാണ് നടന്നിരിക്കുന്നതെന്നും വിദഗ്ധ സംഘം പറയുന്നു. അതേസമയം ആരോപണങ്ങളോട് പ്രതികരിച്ച പോസ്റ്റ് ഓഫീസ് തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ കൃത്യതയുള്ളവയാണെന്ന് വാദിച്ചു. കൂടാതെ മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജീവനക്കാര്‍ക്ക് പാരിതോഷികമായി പണം നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. നികുതിയില്‍ ആരോപിക്കപ്പെടുന്ന കുറവ് തിരിച്ചടയ്ക്കേണ്ടി വന്നാല്‍ സര്‍ക്കാരിന് പോസ്റ്റ് ഓഫീസിനെ സാമ്പത്തികമായി പിന്തുണയ്ക്കേണ്ടതായി വരും.
കോര്‍പ്പറേഷന്‍ നികുതി യുകെ ഉടമസ്ഥതയിലുള്ള കമ്പനികളും യുകെയില്‍ ഓഫീസുകളുള്ള വിദേശ കമ്പനികളും സര്‍ക്കാരിന് നല്‍കുന്ന നികുതിയാണ്. ഇവ ഓരോ കമ്പനിയ്ക്കും ലഭിക്കുന്ന ലാഭത്തിന് അനുസൃതമായാണ് തീരുമാനിക്കുക. നിയമാനുസൃതമായ ബിസിനസ്സ് ചെലവുകള്‍ക്കായി കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവുകള്‍ ലഭിക്കുമെങ്കിലും പിഴവുകള്‍ക്ക് പൊതുവെ നികുതിയിളവ് ലഭിക്കില്ല. നിലവിലെ ആരോപണം അനുസരിച്ച് പോസ്റ്റ് ഓഫീസ് ഹൊറൈസണ്‍ ഐടി അഴിമതിയുടെ ഇരകള്‍ക്കുള്ള പേയ്മെന്റുകള്‍ അവരുടെ വരുമാനത്തില്‍ നിന്ന് കുറച്ചിരിക്കുകയാണ്. ഇത് കുറഞ്ഞ ലാഭത്തിനും കുറഞ്ഞ നികുതി ബില്ലിനും കാരണമായി. നഷ്ടപരിഹാര പെയ്മെന്റുകള്‍ക്കും വ്യവസ്ഥകള്‍ക്കും പോസ്റ്റ് ഓഫീസ് സ്വീകരിച്ച മാര്‍ഗങ്ങള്‍ അന്വേഷിച്ച് വരികയാണ് എച്ച്എംആര്‍സി ഇപ്പോള്‍. പോസ്റ്റ് ഓഫീസിന്റെ ട്രേഡിംഗ് ലാഭത്തില്‍ നിന്ന് പോസ്റ്റ്മാസ്റ്റര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം കുറയ്ക്കുമ്പോള്‍ കോര്‍പ്പറേഷന്‍ നികുതിയിനത്തില്‍ 100 മില്യണിലധികം പൗണ്ട് നല്‍കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.