ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ ജെയ്ന്‍ മാരിയറ്റിന്റെ പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശനത്തില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ. മാരിയറ്റിന്റെ സന്ദര്‍ശനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ജനുവരി 10നാണ് ജെയ്ന്‍ പാക് അധിനിവേശ കശ്മീരിലെ മിര്‍പൂര്‍ സന്ദര്‍ശിച്ചത്. വളരെ ഗൗരവത്തോടെയാണ് ബ്രിട്ടിഷ് ഹൈക്കമ്മിഷണറുടെ പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശനത്തെ കാണുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണ്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തില്‍ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര, ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ബുധനാഴ്ചയായിരുന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ജെയ്ന്‍ മാരിയോറ്റും യു.കെ വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥനും പാക് അധിനിവേശ കശ്മീരിലെ മിര്‍പുരില്‍ സന്ദര്‍ശനം നടത്തിയത്. ഏഴുപത് ശതമാനം ബ്രിട്ടീഷ് പാകിസ്താനികളുടെ വേരുകളും മിര്‍പുരില്‍ നിന്നാണെന്ന് സന്ദര്‍ശനത്തിന് പിന്നാലെ ജെയ്ന്‍ എക്‌സില്‍ കുറിച്ചു.