ലണ്ടന്‍: കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന്, മദ്യപാന അടിമത്തത്തെ തുടര്‍ന്ന് റെക്കോര്‍ഡ് നിരക്കില്‍ പെന്‍ഷന്‍കാര്‍ ചികിത്സ തേടിയതായി കണക്കുകള്‍. ഏകദേശം 8218 പേരാണ് റിഹാബിലിറ്റേഷന്‍ സ്‌കീമുകളിലേക്ക് റഫര്‍ ചെയ്യപ്പെട്ടത്. ഇവരില്‍ 1600 പേര്‍ ഹെറോയിനും, മോര്‍ഫിനും പോലുള്ള മയക്കുമരുന്നുകളില്‍ അടിമപ്പെട്ടവരാണ്. 459 പേര്‍ കഞ്ചാവ് അടിമകളായതിനും, 59 പേര്‍ ക്രാക്ക് കൊക്കെയിന്‍ ഉപയോഗത്തിനുമാണ് ചികിത്സ തേടിയത്. 65ന് മുകളില്‍ പ്രായമുള്ള സ്പെഷ്യലിസ്റ്റ് ചികിത്സ തേടിയ പത്തില്‍ ഒന്‍പത് പേരും അമിത മദ്യപാനത്തിന് അടിമകളാണ്. ഏകദേശം 2102 പേരാണ് ഈ കാരണത്താല്‍ ചികിത്സയ്ക്ക് അയയ്ക്കപ്പെട്ടവര്‍.
2007 മുതല്‍ പെന്‍ഷന്‍കാര്‍ മയക്കുമരുന്ന്, മദ്യപാന അടിമത്തത്തില്‍ നിന്നും വിമുക്തി തേടി ചികിത്സയ്ക്ക് എത്തുന്നതില്‍ 678% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാമാരിക്ക് ശേഷം 35 ശതമാനമാണ് വര്‍ദ്ധന. 'ഒറ്റപ്പെടലും, സാമൂഹികമായി ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്നതുമാണ് പ്രായമായവരെ മദ്യത്തിലേക്കും, മയക്കുമരുന്നുമായി ബന്ധപ്പെട്ട അപകടങ്ങളിലേക്കും നയിക്കുന്നത്. കോവിഡിന് ശേഷം ഇത് സുപ്രധാന സംഭാവന നടത്തുന്നുണ്ട്', വിത്ത് യൂ എന്ന ചാരിറ്റി സംഘടനയുടെ പോളിസി മേധാവി റോബിന്‍ പൊള്ളാര്‍ഡ് പറയുന്നു. കഴിഞ്ഞ വര്‍ഷം അഡിക്ഷനുകളുടെ പേരില്‍ ആകെ ചികിത്സ തേടിയവരുടെ എണ്ണം 290,000 ആണ്. രണ്ട് വര്‍ഷത്തിനിടെ 15000 പേരുടെ വര്‍ദ്ധനവുണ്ടെങ്കിലും 2010-ല്‍ 3 ലക്ഷം കടന്ന കണക്കുകള്‍ക്ക് താഴെയാണെന്നത് ആശ്വാസകരമാണ്. 2022-ല്‍ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് 4907 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇത് റെക്കോര്‍ഡ് മരണനിരക്കാണ്.