ലണ്ടന്‍: ലണ്ടന്‍ ട്യൂബ് ശൃംഖലയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 75 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകള്‍. ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസിന്റെ കണക്ക് പ്രകാരം നവംബര്‍ വരെ 12 മാസങ്ങളില്‍ അണ്ടര്‍ഗ്രൗണ്ടില്‍ 3542 സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പ് 2029 കേസുകള്‍ രേഖപ്പെടുത്തിയ ഇടത്താണ് ഈ വര്‍ദ്ധന.ബലാത്സംഗം ഒഴിച്ചുള്ള 909 ലൈംഗിക കുറ്റകൃത്യങ്ങളാണ് 2023 ഡിസംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ രേഖപ്പെടുത്തിയത്. ഇതിന് മുന്‍പുള്ള 12 മാസങ്ങളില്‍ 866 കേസുകളാണ് ഉണ്ടായതെന്നും കണക്കുകള്‍ പറയുന്നു. കവര്‍ച്ചകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ട്. 442 കേസുകള്‍ രേഖപ്പെടുത്തിയ ഇടത്ത് ഇക്കഴിഞ്ഞ വര്‍ഷം 736 കവര്‍ച്ചകളാണ് അരങ്ങേറിയത്.
UKപൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം വേണമെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം വിവരങ്ങള്‍ നേടിയ ലിബറല്‍ ഡെമോക്രാറ്റ് എംപി സാറാ ഒള്‍നി പറഞ്ഞു. എന്നാല്‍ ഞെട്ടിക്കുന്ന കണക്കുകള്‍ മറ്റൊരു കഥയാണ് പങ്കുവെയ്ക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയാന്‍ മേയറും, ഗവണ്‍മെന്റും പുതിയ തന്ത്രം മെനയണമെന്ന് ഒള്‍നി ആവശ്യപ്പെടുന്നു.എന്നാല്‍ ലണ്ടനില്‍ ജോലി ചെയ്യുന്ന കൊലപാതക ഡിറ്റക്ടീവുമാരുടെ എണ്ണം കുറയ്ക്കാന്‍ മെറ്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്ന ഘട്ടത്തിലാണ് ഈ കണക്കുകള്‍ സ്ഥിതിഗതികള്‍ വെളിവാക്കുന്നത്. ശ്രോതസ്സുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ബജറ്റ് പിടിച്ചുനിര്‍ത്താനാണ് ഡിറ്റക്ടീവുമാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ നടപടി വരുന്നത്. ജനത്തിന് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ തടയാന്‍ ആളില്ലെന്ന സ്ഥിതിയിലേക്ക് ഇത് നയിക്കുമെന്നാണ് ആശങ്ക.