ലണ്ടന്‍: കോവിഡിനോട് അനുബന്ധിച്ച് മാസ്‌ക് ഉപയോഗിക്കണമെന്ന നിയമം യുകെ പിന്‍വലിച്ചിട്ട് രണ്ടര വര്‍ഷമായി. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകളെ നേരിടാന്‍ സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന നിയമം കര്‍ശനമായി നടപ്പിലാക്കിയത് ബ്രിട്ടനും ഒരു ചൂണ്ടുപലകയാണ്. ഒരു മാസത്തിനുള്ളില്‍ റെസ്പിറേറ്ററി വൈറസ് കേസുകളുടെ എണ്ണം രാജ്യത്ത് 6 ഇരട്ടിയായതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. യുകെയില്‍ നിരവധി ആശുപത്രികള്‍ ഇപ്പോള്‍തന്നെ ജീവനക്കാര്‍ക്കും രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശനമായി മാസ്‌ക് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നീക്കത്തിനെചിലര്‍ പിന്തുണയ്ക്കുമ്പോള്‍ തന്നെ വിമര്‍ശിക്കുന്നവരും ഒട്ടേറെയാണ്.
കോവിഡിന്റെ വിവിധ വകഭേദങ്ങളായ JN.1 , Juno എന്നിവ രാജ്യത്ത് പടര്‍ന്നു പിടിക്കുന്നതു മൂലം മറ്റൊരു കോവിഡ് തരംഗത്തിന്റെ വാക്കിലാണോ രാജ്യം എന്ന ഭയപ്പാടിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ . ചുമ , തുമ്മല്‍ എന്നിവയില്‍ നിന്ന് മറ്റുള്ളവരെയും തങ്ങളെയും സംരക്ഷിക്കാന്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. സലിഹ ആഹ്‌സല്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍ മാസ്‌കുകള്‍ നിര്‍ബന്ധിതമാക്കുന്നതിനെതിരെ വന്‍ പ്രതിഷേധവും സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നു വരുന്നുണ്ട്. ഇനി ഒരിക്കലും ആ നനഞ്ഞ തുണി തന്റെ മുഖത്തെ കെട്ടില്ലെന്ന് കോളമിസ്റ്റായ പീറ്റര്‍ ഹിച്ചന്‍സ് പറഞ്ഞത് വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.