ലണ്ടന്‍: ബ്രിട്ടനില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ച് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലസ്തീന്‍ അനുകൂല ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണ് പിടിയിലായവര്‍. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തകര്‍ക്കാനുള്ള ശ്രമം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 6 പേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം ലണ്ടന്‍, ലിവര്‍പൂള്‍, ബ്രൈറ്റണ്‍ എന്നിവിടങ്ങളിലാണ് അറസ്റ്റ് നടന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുറക്കുന്നത് തടയാനും നാശനഷ്ടം ഉണ്ടാക്കാനും ഇവര്‍ പദ്ധതി ഇട്ടതായാണ് പൊലീസ് പുറത്തുവിടുന്ന വിവരം.
കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ ഇതര സേനാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടക്കുകയാണെന്ന് മെറ്റ് പൊലീസ് അറിയിച്ചു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന ഏതു നീക്കവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമായിരുന്നു എന്ന് സംഭവത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഡിറ്റക്റ്റീവ് സൂപ്രണ്ട് സിയാന്‍ തോമസ് പറഞ്ഞു. നാല് സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. 23 മുതല്‍ 31 വയസ്സുവരെ പ്രായമുള്ളവരാണ് പ്രതികള്‍. ലണ്ടന്‍ നഗരത്തിലെ സെന്റ് പോള്‍സ് കത്തീഡ്രലിന് സമീപമുള്ള പാറ്റര്‍നോസ്റ്റര്‍ സ്‌ക്വയറിലാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സ്ഥിതി ചെയ്യുന്നത്.