Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0947 INR  1 EURO=106.3603 INR
ukmalayalampathram.com
Sat 13th Dec 2025
 
 
UK Special
  Add your Comment comment
എമര്‍ജന്‍സി ആന്‍ഡ് ആക്‌സിഡന്റ് വിഭാഗത്തില്‍ 12 മണിക്കൂറിലേറെ കാത്തിരുന്നത് 4.20 ലക്ഷം രോഗികള്‍
reporter

ലണ്ടന്‍: അത്യാഹിത വിഭാഗത്തില്‍ എത്തിപ്പെട്ടാലും 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം നാല് വര്‍ഷം കൊണ്ട് 5000% വര്‍ദ്ധിച്ചെന്ന് പുതിയ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാന്‍ റെക്കോര്‍ഡ് 420,000 പേരാണ് സുദീര്‍ഘമായ കാത്തിരിപ്പ് നേരിട്ടത്. 2011-ന് ശേഷം ഏറ്റവും വലിയ വാര്‍ഷിക വര്‍ദ്ധനവാണ് ഇത്. 15 എ&ഇ രോഗികളില്‍ ഒരാള്‍ വീതം 12 മണിക്കൂറിലേറെ 'ട്രോളിയില്‍ കാത്തിരിപ്പ്' നേരിട്ടവരാണ്. 2022-ലെ കണക്കുകളില്‍ നിന്നും 20 ശതമാനമാണ് വര്‍ദ്ധന. 'ഈ കണക്കുകള്‍ക്ക് പിന്നില്‍ മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളുണ്ട്. സ്വകാര്യതയില്ലാതെ, ആരോഗ്യം സാരമായി മോശമായി അപകടം നേരിടുന്നവര്‍. സുരക്ഷിതമായ നഴ്സിംഗ് ലെവല്‍ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നത് വരെ രോഗികള്‍ക്ക് അവര്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ പരിചരണം കിട്ടില്ല. എന്നുമാത്രമല്ല ഗവണ്‍മെന്റ് നഴ്സുമാര്‍ക്ക് മാന്യമായ ശമ്പളം ഉറപ്പാക്കാതെ ആവശ്യത്തിന് ജോലിക്കാരെ ആകര്‍ഷിക്കാനോ, നിലനിര്‍ത്താനോ സാധിക്കുകയുമില്ല', റോയല്‍ കോളേജ് ഓഫ് നഴ്സിംഗിലെ പട്രീഷ്യ മാര്‍ക്വിസ് പറഞ്ഞു.

നോര്‍ത്ത് മിഡില്‍സെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഉള്‍പ്പെടെ ചില ട്രസ്റ്റുകളില്‍ പകുതി രോഗികളും അരദിവസത്തിലേറെ കാത്തിരുന്നതായി ലിബറല്‍ ഡെമോക്രാറ്റ് പരിശോധന വ്യക്തമാക്കി. 2019-ല്‍ 8272 ആളുകളാണ് 12 മണിക്കൂറും, അതിലേറെയും എടുത്ത് എ&ഇയില്‍ നിന്നും ആശുപത്രിയില്‍ പ്രവേശനം നേടാന്‍ കാത്തിരുന്നത്. എന്നാല്‍ 2023-ല്‍ ഇത് 419,560 ആയാണ് ഉയര്‍ന്നത്. എ&ഇയിലെ ഈ ദീര്‍ഘമായ കാത്തിരിപ്പ് അധിക മരണനിരക്കിന് കാരണമാകുന്നുണ്ട്. രോഗാവസ്ഥ മൂര്‍ച്ഛിച്ച് പലരുടെയും ആരോഗ്യസ്ഥിതി ഈ ഘട്ടത്തില്‍ മോശമാകുന്നു. എന്‍എച്ച്എസ് ഡാറ്റ പ്രകാരം ഡിസംബറില്‍ ആശുപത്രിയിലെ ബെഡുകളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. 93.5 ശതമാനം ബെഡുകളിലും ആളുള്ളത് തന്നെയാണ് രോഗികളുടെ എ&ഇ കാത്തിരിപ്പിന് പിന്നിലെ പ്രധാന കാരണം.

 
Other News in this category

 
 




 
Close Window