ലണ്ടന്‍: ബ്രിട്ടനിലെ റോഡുകള്‍ ന്യൂയോര്‍ക്കിലേതിനേക്കാള്‍ ഭേദപ്പെട്ടതാണോ? അല്ല, എന്നാണ് എഎ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം റോഡിലെ കുഴികളും, മറ്റും വാഹനങ്ങളെ കേടുപാട് വരുത്തിയത് സംബന്ധിച്ച് 632,000 കോളുകള്‍ ലഭിച്ചതായാണ് എഎ വ്യക്തമാക്കുന്നത്. ഇതിന് മുന്‍പുള്ള 12 മാസങ്ങളെ അപേക്ഷിച്ച് 16 ശതമാനം വര്‍ദ്ധന. റോഡുകളുടെ ദുരവസ്ഥ മുന്‍നിര്‍ത്തി ദേശീയ കുഴി ദിനം പ്രഖ്യാപിച്ചിരിക്കുകയാണ് എഎ. ഇതുവഴി കേന്ദ്ര, പ്രാദേശിക ഗവണ്‍മെന്റ് അധികൃതരില്‍ നിന്നും കൂടുതല്‍ ഫലപ്രദമായ റോഡ് അറ്റകുറ്റപ്പണികളും, മുടങ്ങി കിടക്കുന്ന പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് സമ്പൂര്‍ണ്ണമായ സുതാര്യത വേണമെന്നും ഉള്‍പ്പെടെ അഞ്ചിന പദ്ധതിയാണ് മുന്നോട്ട് വെയ്ക്കുന്നത്.
'കുഴികള്‍ രൂപപ്പെടും, കേടുപാട് സംഭവിക്കും, കുഴി പാച്ച് ചെയ്യും, വീണ്ടും രൂപപ്പെടും, കൂടുതല്‍ കേടുപാട് വരും. ഇങ്ങനൊരു വട്ടം കറങ്ങലാണ് നിലവില്‍ നടക്കുന്നത്. ഇതിന് സ്ഥിരമായ റിപ്പയറിംഗാണ് നമുക്ക് ആവശ്യം', എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. സ്മാര്‍ട്ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച് റോഡിന്റെ അവസ്ഥ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ മൊബൈല്‍ ആപ്പായ സ്റ്റാന്‍ ഉപയോഗിക്കാന്‍ ആര്‍എസി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടെക്നോളജി കമ്പനി മെട്രിസെല്ലുമായി കൈകോര്‍ത്താണ് ആര്‍എസിയുടെ പ്രഖ്യാപനം. തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ മെട്രിസെല്‍ ഹൈവേസ് അധികാരികള്‍ക്ക് കൈമാറും. 'റോഡിലെ കുഴികള്‍ വെറും അസ്വസ്ഥത മാത്രമല്ല ജനിപ്പിക്കുന്നത്. ഇത് റോഡ് ഉപയോഗിക്കുന്നവര്‍ക്ക് അപകടകരമാണ്. അടുത്ത ഏതാനും മാസം തണുപ്പേറുമ്പോള്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്നാണ് ആശങ്ക' ആര്‍എസി പോളിസി ഹെഡ് സിമോണ്‍ വില്ല്യംസ് പറഞ്ഞു. ഇംഗ്ലണ്ടിലെ ലോക്കല്‍ റോഡുകള്‍ ശരിയാക്കാനായി അടുത്ത 11 വര്‍ഷം കൊണ്ട് 8.3 ബില്ല്യണ്‍ പൗണ്ട് അധികം വകയിരുത്തിയതായി പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിച്ചിട്ടുണ്ട്.