ലണ്ടന്‍: വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ രാത്രി പിന്നിട്ട ബ്രിട്ടന്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് മഞ്ഞിലേക്ക്. യുകെയുടെ ചില ഭാഗങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴുമെന്ന ആശങ്കകള്‍ക്കിടെയാണ് ഇത്. തിങ്കള്‍ മുതല്‍ ചൊവ്വ വരെയുള്ള ദിനങ്ങളില്‍ രാത്രിയോടെ സ്‌കോട്ടിഷ് ഹൈലാന്‍ഡ്സില്‍ താപനില -10 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് കരുതുന്നത്. ബ്രിട്ടന്റെ എല്ലാ പ്രദേശങ്ങളിലും ആര്‍ട്ടിക് കാറ്റ് പൂജ്യത്തിന് താഴേക്ക് താപനിലയെ എത്തിക്കും. തണുപ്പേറിയ കാലാവസ്ഥ യാത്രാ ദുരിതം തീര്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന മഞ്ഞും, ഐസും യുകെയില്‍ രാത്രിയോടെ വീഴുന്നതാണ് ഇതിന് ഇടയാക്കുന്നത്. തിങ്കളാഴ്ച രാവിലെ യാത്ര ചെയ്യാന്‍ ഇറങ്ങുന്ന ചില ഭാഗങ്ങളിലുള്ളവര്‍ക്ക് മഞ്ഞ് കാണാന്‍ സാധിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നുണ്ട്.
ഈയാഴ്ച ഭൂരിഭാഗം സമയത്തും മഞ്ഞ്, ഐസ് മുന്നറിയിപ്പുകളാണ് നിലവിലുള്ളത്. ഇതോടൊപ്പം 75 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റ് നേരിടാനും തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ സുരക്ഷിതരായിരിക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് ആവശ്യപ്പെടുന്നു. തണുപ്പ് കാറ്റ് ശക്തമായി നിലകൊള്ളുന്നതിനാല്‍ ഈയാഴ്ച രാജ്യത്തിന്റെ ഏത് ഭാഗത്തും മഞ്ഞെത്താന്‍ സാധ്യത നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ് കൂട്ടിച്ചേര്‍ത്തു. സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, വെയില്‍സിലെ ചില ഭാഗങ്ങള്‍ മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മഞ്ഞും, ഐസും രൂപപ്പെടുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച രാത്രിയോടെ സ്‌കോട്ട്ലണ്ടിലും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും 5 സെന്റിമീറ്റര്‍ മഞ്ഞുപുതക്കും.