ലണ്ടന്‍: ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ടോറികള്‍ക്ക് 200 സീറ്റുകളെങ്കിലും നഷ്ടമാകുമെന്നു പോള്‍ പ്രവചനങ്ങള്‍. 1997-ലെ പൊതുതെരഞ്ഞെടുപ്പില്‍ ടോറികള്‍ നേരിട്ടതിനു സമാനമായ തെരഞ്ഞെടുപ്പ് ദുരന്തം ഇക്കുറി സുനാകിനെയും സംഘത്തെയും കാത്തിരിക്കുന്നുവെന്ന് സര്‍വേയുടെ മുന്നറിയിപ്പ്. അതേസമയം, കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടിക്ക് 120 സീറ്റുകളുടെ ഭൂരിപക്ഷം ലഭ്യമാകുമെന്നും സര്‍വേ പറയുന്നു. 1906ന് ശേഷം ഭരണത്തിലുള്ള പാര്‍ട്ടിയ്ക്ക് പിന്തുണ വന്‍തോതില്‍ നഷ്ടമാകുന്നത് ഇതാദ്യമായിരിക്കും. 11.5 ശതമാനം പിന്തുണയാണ് ലേബര്‍ പക്ഷത്തേക്ക് ചായുന്നത്. ചാന്‍സലര്‍ ജെറമി ഹണ്ട് ഉള്‍പ്പെടെ 11 കാബിനറ്റ് മന്ത്രിമാര്‍ തോല്‍ക്കുമെന്നാണ് പ്രവചനം. ഹണ്ടിന്റെ മണ്ഡലമായ സൗത്ത് വെസ്റ്റ് സറേ ലിബറല്‍ ഡെമോക്രാറ്റുകള്‍ പിടിച്ചെടുക്കുമെന്നാണ് സര്‍വേ പറയുന്നത്. ഈ തോല്‍വി സത്യമായാല്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ആദ്യത്തെ ചാന്‍സലറായി ഇദ്ദേഹം മാറും. പെന്നി മോര്‍ഡന്റ്, ഗ്രാന്റ് ഷാപ്സ്, ഇയാന്‍ ഡങ്കന്‍ സ്മിത്ത് എന്നിവരുടെ സീറ്റുകളും അപകടാവസ്ഥയിലാണ്.
നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടി ടോറികളുടെ സ്വപ്നങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് യൂഗോവ് പഠനം ചൂണ്ടിക്കാണിക്കുന്നു. റിഫോം പാര്‍ട്ടി വിജയിക്കുന്നില്ലെങ്കിലും, സുനാകിന്റെ 96 എംപിമാരെ തോല്‍പ്പിക്കാന്‍ ഇത് വഴിയൊരുക്കുകയും, അതുവഴി ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യവും രൂപപ്പെടുമെന്ന് സര്‍വേ പറയുന്നു. അതേസമയം, 2019-ല്‍ ബോറിസ് ജോണ്‍സണ്‍ നേടിക്കൊടുത്ത റെഡ് വാള്‍ സീറ്റുകള്‍ എല്ലാം ഇക്കുറി ടോറികളെ കൈവിടുമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ പകുതി സീറ്റും ലേബര്‍ പിടിച്ചെടുക്കും. ഈ വിധം വിജയിച്ചാല്‍ സ്റ്റാര്‍മര്‍ 10 വര്‍ഷമെങ്കിലും ഭരണത്തില്‍ ഇരിക്കുമെന്നാണ് പ്രവചനങ്ങള്‍. ഏതായാലും നികുതി കുറയ്ക്കല്‍ ഉള്‍പ്പെടെ വരുന്ന ബജറ്റില്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സുനാകിനും കൂട്ടര്‍ക്കും മേല്‍ സമ്മര്‍ദ്ദം ശക്തമാകും.