|
ഇടവ മാസം പകുതിയാകുമ്പോള്‍ മുതല്‍ പെരുമഴ പെയ്തിരുന്ന കേരളം ആദ്യത്തെ വേനല്‍മഴയില്‍ ചിതറുന്നു. ഞാറ്റുവേല കഴിഞ്ഞാല്‍ വിത്തിറക്കിയിരുന്ന പാടങ്ങള്‍ വെള്ളക്കെട്ടുകളായി മാറുന്നു. കര്‍ക്കടം വന്നാല്‍ എന്താവും അവസ്ഥ?
കേരളത്തില്‍ കനത്തു പെയ്ത ആദ്യത്തെ വേനല്‍മഴകളിലെ നാലാം ദിവസം തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. ഇടുക്കിയില്‍ മണിമലയാറ്റില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ അടയ്ക്കും. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
മണിമലയാറ്റിലാണ് അതിഥി തൊഴിലാളിയെ ഒഴുക്കില്‍പെട്ട് കാണാതായത്. മല്ലപ്പള്ളി കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയതാണ്. മൂന്ന് അതിഥി തൊഴിലാളികളാണ് ഒഴുക്കില്‍പെട്ടത്. ഇവരില്‍ രണ്ട് പേര്‍ നീന്തിക്കയറി. ബിഹാര്‍ സ്വദേശി നരേഷി(25)നെയാണ് കാണാതായത്. ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടിലാണ് ശക്തമായ മഴയിലും കാറ്റിലും മരം വീണു രണ്ടു പേര്‍ക്ക് പരിക്കേറ്റത്. മരം ജീപ്പിന് മുകളിലേക്ക് വീണാണ് അപകടം സംഭവിച്ചത്. പാറത്തോട് സ്വദേശികളായ മാരിമുത്തു(42), പെരിയസാമി(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാരിമുത്തു ജീപ്പ് ഡ്രൈവറാണ്. ഗുരുതരമായി പരിക്കേറ്റ പെരിയ സ്വാമിയെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്ത് അഗ്‌നിരക്ഷാനിലയത്തിലെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമായ ഘട്ടത്തില്‍ 0471-2333101 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. ശക്തമായ മഴയില്‍ മലപ്പുറത്ത് ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മുത്തപ്പന്‍ പുഴ, ആനക്കാം പൊയില്‍, അരിപ്പാറ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. താമരശ്ശേരി ചുങ്കം ഭാഗത്തും, കാരാടിയിലും ദേശീയ പാതയില്‍ വെള്ളം കയറിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിലങ്ങന്‍കുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്‌റു പാര്‍ക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്‌നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂര്‍മുഴി റിവര്‍ ഗാര്‍ഡന്‍ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. |