|
പെരുമ്പാവൂര്‍ സ്വദേശിനിയായ നിയമ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീല്‍ കോടതി തള്ളി. പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയിലും വധശിക്ഷ റദ്ദാക്കാനായി പ്രതി സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് ജസ്റ്റിസ് വി ബി സുരേഷ്‌കുമാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
അതേസമയം, അസം സ്വദേശി അമീറുള്‍ ഇസ്ലാം നിരപരാധിയെന്ന് പ്രതിയുടെ അഭിഭാഷകന്‍ അഡ്വ. ആളൂര്‍. അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തള്ളിക്കൊണ്ടായിരുന്നു ആളൂരിന്റെ പ്രതികരണം. അമീറുല്‍ ഇസ്ലാം നിരപരാധിയെന്നും കുറ്റം ചെയ്തത് മറ്റാരോ ആണെന്നും, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ആളൂര്‍ പറയുന്നത്. |