|
ജീവിത നിലവാരം ഏറ്റവും ഉയര്‍ന്നതിന്റെ കണക്കു നോക്കിയപ്പോള്‍ കൊച്ചി നഗരത്തിന് നേട്ടം. ഒക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്സ് പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഓവറോള്‍ റാങ്കിംഗില്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുത്തിരിക്കുന്നത് ഡല്‍ഹിയെയാണ്. 350 ആണ് ഡല്‍ഹിയുടെ ഓവറോള്‍ റാങ്കിംഗ്. രണ്ടാം സ്ഥാനത്ത് ബംഗളൂരുവും, മൂന്നാം സ്ഥാനത്ത് മുംബൈയും, നാലാം സ്ഥാനത്ത് ചെന്നൈയുമാണ്. ഓവറോള്‍ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് കൊച്ചി. കേരളത്തില്‍ 521-ാം റാങ്കുള്ള കൊച്ചിക്ക് പിന്നില്‍ തൃശൂരാണ്. ഓവറോള്‍ റാങ്കിംഗില്‍ തൃശൂരിന്റെ റാങ്ക് 550 ആണ്. മൂന്നാം സ്ഥാനത്ത് കോഴിക്കോടും, നാലാം സ്ഥാനത്ത് കോട്ടയവും, അഞ്ചാം സ്ഥാനത്ത് കൊല്ലവും, ആറാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. ഏഴാം സ്ഥാനമാണ് കണ്ണൂരിന്.
ലോകത്തിലെ ഏറ്റവും വലിയ 1000 അര്‍ബന്‍ ഇക്കോണമീസില്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍ നേതൃത്വം നല്‍കുന്ന സംഘം നടത്തിയ പഠനമാണ് പുതിയ പട്ടികയ്ക്ക് പിന്നില്‍. സാമ്പത്തികം, ഹ്യൂമന്‍ ക്യാപിറ്റല്‍, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ലോകത്തെ ഏറ്റവും മികച്ച നഗരത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ പട്ടികയില്‍ ഒന്നാം റാങ്കുകാരന്‍ ന്യൂയോര്‍ക്കാണ്. രണ്ടാം സ്ഥാനത്ത് ലണ്ടന്‍, മൂന്നാം സ്ഥാനത്ത് സാന്‍ ഹൊസെ, നാലാം സ്ഥാനത്ത് ടോക്യോ അഞ്ചാം സ്ഥാനത്ത് പാരിസ് ഇങ്ങനെ നീളുന്നു പട്ടിക.
ലോകത്തെ ഏറ്റവും മികച്ച നഗരം ന്യൂയോര്‍ക്കാണെങ്കിലും ജീവിത നിലവാരം ഏറ്റവും നല്ലത് ഫ്രാന്‍സിലെ ഗ്രെനോബിളില്‍ ആണ്. ന്യൂയോര്‍ക്കിലെ ജീവിത നിലവാര സൂചിക 278 ആണെങ്കില്‍ ഗ്രനോബിളിന്റേത് ഒന്നാണ്. ജീവിത നിലവാര സൂചികയില്‍ രണ്ടാം സ്ഥാനം ഓസ്ട്രേലിയയിലെ കാന്‍ബെറയും, മൂന്നാം സ്ഥാനം ബേണും ( സ്വിറ്റ്സര്‍ലന്‍ഡ്) ആണ്. നാലാം സ്ഥാനത്ത് ബര്‍ഗന്‍ ( നേര്‍വേ), അഞ്ചാം സ്ഥാനത്ത് ബേസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ആറാം സ്ഥാനത്ത് ലക്സംബര്‍ഗ് ഇങ്ങനെ നീളുന്നു. |