കൊച്ചി: സൈക്കിള്‍ മോഷണംപോയെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് തനിക്ക് മെയിലയച്ച വിദ്യാര്‍ഥിനിക്ക് പുത്തന്‍ സൈക്കിള്‍ സമ്മാനമായി നല്‍കി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ പാലാരിവട്ടം സ്വദേശിനിയായ അവന്തികയ്ക്കാണ് മന്ത്രിയുടെ സര്‍പ്രൈസ് സമ്മാനം. സൈക്കിള്‍ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ പ്രതികരണം കിട്ടിയില്ലെന്നും അവന്തിക കത്തില്‍ പറഞ്ഞിരുന്നു. മെയില്‍ ലഭിച്ച ഉടനെ അവന്തികയെയും പൊലീസിനെയും ബന്ധപ്പെട്ട മന്ത്രി കൊച്ചി മേയറുടെ സഹായത്തോടെ വാങ്ങിയ സൈക്കിള്‍ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവന്തികയ്ക്ക് സമ്മാനിച്ചു.
എറണാകുളം ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അവന്തിക. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. പ്ലസ് വണ്ണിന് ഇതേ സ്‌കൂളില്‍ തന്നെ പോകാമെന്ന് കരുതിയിരിക്കുമ്പോഴാണ് സൈക്കിള്‍ മോഷ്ടിക്കപ്പെട്ടത്. മന്ത്രി ഇടപെട്ടാല്‍ കളഞ്ഞുപോയ സൈക്കിള്‍ പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് മെയില്‍ അയച്ചതെന്നും ഇങ്ങനെ പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവന്തിക പറഞ്ഞു.