Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്വേച്ഛാധിപത്യത്തിനെതിരേ ശബ്ദമുയര്‍ത്തിയതിനാല്‍ ജയിലിലേക്ക് പോകുന്നുവെന്ന് കെജ് രിവാള്‍
reporter

 ന്യൂഡല്‍ഹി: സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വീണ്ടും തിഹാര്‍ ജയിലില്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ എത്തിയ കെജ്രിവാള്‍ പുഷ്പാര്‍ച്ചന നടത്തി. ഭാര്യ സുനിത കെജ്രിവാള്‍, ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെലോട്ട് എന്നിവരും എഎപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീട് കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി. ശേഷം പാര്‍ട്ടി ഓഫീസില്‍ എത്തി പ്രവര്‍ത്തകരെ കണ്ട് ശേഷമാണ് കെജരിവാള്‍ ജയിലിലേക്ക് മടങ്ങിയത്. അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടല്ല, സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതുകൊണ്ടാണ് ജയിലില്‍ പോകേണ്ടി വന്നതെന്ന് കെജരിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

''ഡല്‍ഹിയിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് - നിങ്ങളുടെ മകന്‍ ഇന്ന് ജയിലിലേക്ക് മടങ്ങുകയാണ്. ഞാന്‍ ഏതെങ്കിലും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടല്ല, സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതുകൊണ്ടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, എനിക്കെതിരെ ഒരു തെളിവും തങ്ങളുടെ പക്കലില്ലെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. അവര്‍ 500 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും ഒരു പൈസ പോലും കണ്ടെടുത്തിട്ടില്ല, എഎപിക്ക് വേണ്ടി മാത്രമല്ല വിവിധ പാര്‍ട്ടികള്‍ക്കുവേണ്ടിയാണ് ഞാന്‍ പ്രചാരണം നടത്തിയത്. ഞാന്‍ മുംബൈ, ഹരിയാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പോയി. ആം ആദ്മി പാര്‍ട്ടിയല്ല പ്രധാനം, ഞങ്ങള്‍ക്ക് രാജ്യമാണ് പ്രധാനം'' കെജരിവാള്‍ പറഞ്ഞു.

ജയിലിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി ശനിയാഴ്ച എഎപിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം കെജ്രിവാള്‍ വിളിച്ചുചേര്‍ത്തിരുന്നു. അതിന് ശേഷമായിരുന്നു പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് 7 ദിവസത്തെ ഇടക്കാലജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചു. എന്നാല്‍, ജഡ്ജി കാവേരി ബവേജ ഉത്തരവ് ബുധനാഴ്ചത്തേക്കു മാറ്റി. ഇതോടെയാണ് ജയിലിലേക്കുള്ള മടക്കം ഉറപ്പായത്.

 
Other News in this category

 
 




 
Close Window