മുംബൈ: അമിത വേഗതയിലെത്തിയ കാര്‍ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ കോല്‍ഹപുരിലാണ് ഞെട്ടിക്കുന്ന അപകടം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നു ഉച്ചയ്ക്ക് സൈബര്‍ ചൗക്ക് ജങ്ഷനിലാണ് അപകടമുണ്ടായത്. പാഞ്ഞെത്തിയ കാര്‍ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 72 കാരന്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.
അപകടത്തില്‍ കാര്‍ ഓടിച്ച വയോധികനും ബൈക്ക് യാത്രക്കാരായ മറ്റ് രണ്ട് പേരുമാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. അധ്യാപകനായി വിരമിച്ച വസന്ത് എം ചവാനാണ് കാറോടിച്ചത്. അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടാക്കിയത്.