Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേന്ദ്രത്തില്‍ ബിജെപിയുടെ തിരിച്ചടിയ്ക്ക് നാലു കാരണങ്ങള്‍
reporter

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശില്‍ (യുപി) ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റുവെന്ന് പ്രാഥമിക വിലയിരുത്തല്‍. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ ജനപ്രതിനിധകളെ സംഭാവന ചെയ്യുന്ന (മൊത്തം 80 ലോക്‌സഭാ സീറ്റ്) ഉത്തര്‍ പ്രദേശില്‍ 70ലധികം സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു ഏഴ് ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ 40-ലധികം സീറ്റുകളില്‍ ലീഡ് നേടി ഇന്ത്യാ മുന്നണി ബിജെപിക്ക് മേല്‍ മേധാവിത്തം നേടുന്ന കാഴ്ചയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്ന വേളയില്‍ കാണാനാകുന്നത്.

നിലവില്‍ ഉത്തര്‍ പ്രദേശിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പകുതിയോളം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ എങ്കിലും അഞ്ച് കേന്ദ്ര മന്ത്രിമാര്‍ പിന്നില്‍ നില്‍ക്കുന്നതും നിലവില്‍ ലീഡ് ചെയ്യുന്നവര്‍ക്ക് കഴിഞ്ഞ തവണ നേടിയ വോട്ട് വിഹിതം ലഭിക്കാത്തതും സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നേറ്റവും സാക്ഷാല്‍ നരേന്ദ്ര മോദി പോലും ഒരുഘട്ടത്തില്‍ പിന്നാലായിപ്പോയതും വെച്ചുനോക്കിയാല്‍ തന്നെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയേറ്റുവെന്ന് വ്യക്തമാണ്. ഈയൊരു സാഹചര്യത്തില്‍ യോഗിയുടെ യുപിയില്‍ ബിജെപിക്ക് തിരിച്ചടി നേരിടുന്നതിനുള്ള മുഖ്യ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതിനു പിന്നാലെ നടന്ന പൊതു തെരഞ്ഞെടുപ്പിലാണ്, ബിജെപി ഉത്തര്‍ പ്രദേശില്‍ വിയര്‍ക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം സ്ത്രീ വോട്ടര്‍മാരെയും കര്‍ഷകരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഇന്ത്യാ സഖ്യത്തിന്റെയും കോണ്‍ഗ്രസിന്റെയും വമ്പന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് (മഹാലക്ഷ്മി സ്‌കീം). പ്രതിമാസം 8,500 രൂപ വീതം (പ്രതിവര്‍ഷം 1 ലക്ഷം രൂപ) പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നടന്ന റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ 'ഖതാ-ഖത്' വാഗ്ദാനം ശ്രദ്ധേയമായിരുന്നു. ഉത്തര്‍പ്രദേശിലെ 17 മണ്ഡലങ്ങളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വോട്ട് ചെയ്തത് സ്ത്രീകളായിരുന്നു.

രാജ്യത്തെ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. വടക്കേന്ത്യയിലെ പൊതുവായുള്ള കര്‍ഷക പ്രക്ഷോഭവും ഇതിനോട് കൂട്ടിവായിക്കാം. നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ച കാല്‍ പിന്നിലേക്ക് വലിക്കേണ്ടി വന്നിട്ടുള്ളതും കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ടായിരുന്നു എന്നും വിസ്മരിക്കാനാവില്ല. ചുരുക്കത്തില്‍ വൈകാരിക വിഷയങ്ങളേക്കാള്‍ സമൂഹത്തിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കാണ് ജനം ഇത്തവണ പരിഗണന നല്‍കിയതെന്നും ഇതിന്റെ ഭാഗമായി ഇന്ത്യ സഖ്യത്തിന്റെ വാഗ്ദാനങ്ങളിലേക്ക് ഉത്തര്‍പ്രദേശിലെ ജനം ചാഞ്ഞുവെന്നും പ്രാഥമികമായി വിലയിരുത്തേണ്ടി വരും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യ മുന്നണി ശക്തമായ കെട്ടുറപ്പോടെ പ്രവര്‍ത്തിച്ച സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. കഴിഞ്ഞ തവണ സംസ്ഥാനത്ത് സഖ്യത്തിലുണ്ടായിരുന്ന ബിഎസ്പി ഇത്തവണ കൂടെയില്ലായിരുന്നെങ്കിലും ഏറെക്കാലമായി ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. ഇതിനോടൊപ്പം സ്ത്രീകളേയും കര്‍ഷകരേയും ആകര്‍ഷിച്ച ഇന്ത്യാ സഖ്യത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച സമാജ്‌വാദി പാര്‍ട്ടിക്ക് സ്വാഭാവികമായും ഉയര്‍ന്ന സീറ്റ് വിഹിതം ലഭിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നിലനിന്നിരുന്ന പ്രതീതി അനുസരിച്ച്, ബിജെപി വര്‍ധിത ഭൂരിപക്ഷത്തോടെ വിജയിച്ചു കയറി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലേറുമെന്നായിരുന്നു. ഇതോടെ വിജയിക്കുമെന്ന അമിത ആത്മവിശ്വാസത്തില്‍ പാര്‍ട്ടിയുടെ അനുഭാവികളില്‍ പടര്‍ന്ന നിസംഗതയും ഇവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതും 400 സീറ്റ് ഇത്തവണ നേടുമെന്ന പ്രചാരണവും തിരിച്ചടിയായെന്ന് വിലയിരുത്തേണ്ടിവരും. നിലവില്‍ മുന്നിലുള്ള നേതാക്കളുടെ ഭൂരിപക്ഷത്തിലുണ്ടായ ഇടിവും ഇതിനോട് ചേര്‍ത്ത് വായിക്കാം.

 
Other News in this category

 
 




 
Close Window