ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. എന്‍ഡിഎ സഖ്യത്തിന്റെ നേതാവായി ഏകകണ്ഠമായാണ് മോദിയെ തെരഞ്ഞെടുത്തത്. ശനിയാഴ്ച പുതിയ മന്ത്രിസഭ ചുമതയേല്‍ക്കും. നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാര്‍ട്ടികളായ ജെഡിയുവും ടിഡിപിയും പിന്തുണ കത്ത് നല്‍കുകയും ചെയ്തു. ശിവസേനയടക്കമുള്ള പാര്‍ട്ടികളും പിന്തുണക്കത്ത് നല്‍കി. ഏഴ് സ്വതന്ത്ര്യ എംപിമാരും ബിജെപിയെ പിന്തുണയ്ക്കും.
വെള്ളിയാഴ്ച ചേരുന്ന എംപിമാരുടെ യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാമെന്നും യോഗത്തില്‍ തീരുമാനമായി. അമിത് ഷായും നഡ്ഡയും രാജ്‌നാഥ് സിങ്ങും സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തും. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആലോചനയില്‍ നിന്നും ഇന്ത്യ മുന്നണി പിന്‍വാങ്ങിയിട്ടുണ്ട്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എന്‍ ഡി എ സര്‍ക്കാരിനുള്ള കത്ത് നല്‍കിയ സാഹചര്യത്തിലാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് സാധ്യത മങ്ങിയത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രാദേശിക കക്ഷികള്‍ ശ്രമിച്ചാല്‍ പിന്തുണക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.