റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . റഷ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി മോസ്‌കോയിലെത്തിയത്. റഷ്യ-ഉക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്.
കൂടിക്കാഴ്ചയ്ക്കിടെ മോദിയെ പ്രശംസിച്ച് പുടിന്‍ നടത്തിയ പരാമര്‍ശം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പൊതുസേവനത്തിനായി ജീവിതം മാറ്റിവെച്ചയാളാണ് മോദിയെന്നും ഇന്ത്യയ്ക്ക് വേണ്ടി നല്ലത് മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും പുടിന്‍ പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം വട്ടവും ഇന്ത്യയില്‍ അധികാരത്തിലെത്തിയ മോദിയെ പുടിന്‍ അഭിനന്ദിക്കുകയും ചെയ്തു.
പരസ്യം ചെയ്യല്‍
''നിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി നല്ലത് ചെയ്യുന്നു. മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം. മുഴുവന്‍ ജീവിതവും പൊതുസേവനത്തിനായി സമര്‍പ്പിച്ചയാളാണ് നിങ്ങള്‍,'' കൂടിക്കാഴ്ചയ്ക്കിടെ പുടിന്‍ പറഞ്ഞു.
രാജ്യത്തിനായുള്ള തന്റെ സര്‍ക്കാരിന്റെ നയങ്ങളില്‍ ജനം വിശ്വാസമര്‍പ്പിച്ചുവെന്ന് മോദി വ്യക്തമാക്കി. കൂടാതെ ചര്‍ച്ചകള്‍ക്കായി റഷ്യയിലേക്ക് തന്നെ ക്ഷണിച്ചതില്‍ പുടിന് നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു. മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷം മോദി നടത്തുന്ന ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി തിങ്കളാഴ്ചയോടെ റഷ്യയിലെത്തിയത്. റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെന്നീസ് മാന്റൂറോവ് മോദിയെ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. എയര്‍പോര്‍ട്ടില്‍ വെച്ച് മോദിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ഇന്ത്യ-റഷ്യ സൗഹൃദബന്ധം ആഴത്തിലാകുന്നതിന്റെ ഗുണം ഇരു രാജ്യങ്ങളിലേയും പൗരന്‍മാര്‍ക്ക് ലഭിക്കുമെന്നും മോദി പറഞ്ഞു.
പരസ്യം ചെയ്യല്‍
വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മാന്റൂറോവും മോദിയും ഒരേ കാറിലാണ് ഹോട്ടലിലേക്ക് പുറപ്പെട്ടത്. ഹോട്ടലില്‍ വമ്പിച്ച സ്വീകരണമാണ് മോദിക്കായി ഒരുക്കിയത്. ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചും ഭജന്‍ പാടിയുമാണ് പ്രധാനമന്ത്രിക്ക് സ്വീകരണമേര്‍പ്പെടുത്തിയത്. റഷ്യയിലെ ഇന്ത്യന്‍ വംശജരും മോദിയെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. മോസ്‌കോയിലെ കാള്‍ട്ടണ്‍ ഹോട്ടലിലാണ് മോദിയ്ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് മോദി റഷ്യയിലെത്തിയത്. ഇന്ത്യയിലും റഷ്യയിലുമായാണ് സാധാരണയായി ഈ വാര്‍ഷിക ഉച്ചകോടി നടത്തിവരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അവസാന വാര്‍ഷിക ഉച്ചകോടി 2021 ഡിസംബര്‍ 6ന് ന്യൂഡല്‍ഹിയില്‍ വെച്ചാണ് നടന്നത്. അന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. |