തൃശൂര്‍, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് ശക്തമായ കാറ്റ് വീശിയത്. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ നിലംപൊത്തുകയും ചെയ്തു. ഒരാള്‍ക്ക് പരിക്കേറ്റു.
കോഴിക്കോട് ജില്ലയിലെ വടകര എടച്ചേരി വേങ്ങോലിയിലും കുറ്റ്യാടി മലയോര മേഖലയിലും വിലങ്ങാടും എരവത്ത്കുന്നിലുമാണ് പുലര്‍ച്ചെ ശക്തമായ മഴയും മിന്നല്‍ ചുഴലിയും ഉണ്ടായത്. വീടിന്റെ മേല്‍ക്കൂര വീണ് കാവിലുംപാറ മൂന്നാംകൈ സ്വദേശി സ്വപ്നയ്ക്ക് പരിക്കേറ്റു. വേങ്ങോലിയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ മരംവീണ് ആറ് വീടുകള്‍ക്ക് ഭാഗിക നാശ നഷ്ടം ഉണ്ടായി. അംഗനവാടിയുടെ മേല്‍ക്കൂര നൂറ്റമ്പത് മീറ്ററോളം പറന്നുപോയി. നിരവധി മരങ്ങള്‍ കടപുഴകി. വിലങ്ങാടും മിന്നല്‍ചുഴലി ഉണ്ടായി. ഇവിടേയും വ്യാപക നാശനഷ്ടമുണ്ട്. വൈദ്യുതി ലൈനുകളില്‍ മരംവീണ് വൈദ്യുതി ബന്ധം താറുമാറായി.
താമരശേരിയില്‍ മരം വീണ് നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൃശൂര്‍ ഗുരുവായൂരില്‍ തെക്കന്‍ പാലയൂര്‍ ചക്കംകണ്ടം പ്രദേശത്ത് പുലര്‍ച്ചെയായിരുന്നു മിന്നല്‍ ചുഴലി. വീടിന്റെ മതിലും പലയിടത്തും മരങ്ങളും തെങ്ങുകളും കടപുഴകി. 5 പോസ്റ്റുകളും മറിഞ്ഞു വീണു. വീട്ടിലെ സോളാര്‍ പാനലും വീടിനു മുകളിലുള്ള ഷീറ്റും നിലം പൊത്തി. പാലക്കാട് ധോണിയില്‍ ശക്തമായ കാറ്റില്‍ മരംവീണ് രണ്ടു വീടുകള്‍ തകര്‍ന്നു. |