തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിയില്‍ മനുഷ്യശരീരത്തിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. മന്ത്രി പി എ മുഹമ്മദ് റിയാസും കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
കര്‍ണാടകയിലെ ഷിരൂരില്‍ അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. ഗംഗാവലി നദിയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ലോറിയുടേതെന്ന് സംശയിക്കുന്ന പുതിയൊരു സിഗ്‌നല്‍ കൂടി ലഭിച്ചതായി ദൗത്യസംഘം അറിയിച്ചു. ഡ്രോണ്‍ പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. സിഗ്‌നല്‍ ലഭിച്ചിരിക്കുന്ന പ്രദേശത്ത് ശക്തമായ അടിയൊഴുക്കാണെന്നും മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇത് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായും അധികൃതര്‍ അറിയിച്ചു.
റോഡില്‍ നിന്ന് 60 മീറ്ററിലേറെ അകലെയായാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. പുഴയ്ക്ക് മധ്യഭാഗത്തായി പാറകളടങ്ങിയ മണ്‍കൂനയ്ക്ക് സമീപത്ത് നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്. പുഴയില്‍ നാല് സ്‌പോട്ടുകളായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം ദൗത്യ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്ന് നാലാമത്തെ സ്‌പോട്ടും കണ്ടെത്തി. |