|
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്റര്‍ പര്യടനം നടത്തും. പ്രധാനമന്ത്രിയ്ക്കൊപ്പം ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടാകും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കുക. കല്‍പ്പറ്റയിലാകും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിറക്കുക. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം അദ്ദേഹം ഉരുള്‍പൊട്ടല്‍ കണ്ണീര്‍ഭൂമിയാക്കിയ ചൂരല്‍മലയിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം മുതലായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
അതേസമയം, ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റന്നാള്‍ പ്രധാനമന്ത്രി ദുരന്തഭൂമി സന്ദര്‍ശിക്കുന്നതോടെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മറ്റന്നാള്‍ ദുരന്തഭൂമി സന്ദര്‍ശിക്കുന്നത് പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കുകയും, അനുകൂല തീരുമാനം ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. |