നടിയുടെ ലൈംഗികാരോപണ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിന് താത്കാലിക ആശ്വാസം. സെപ്റ്റംബര്‍ 3വരെ മുകേഷിന്റെ അറസ്റ്റ് ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. സെപ്റ്റംബര്‍ മൂന്നിന് കോടതി കേസ് വീണ്ടും പരിഗണിക്കും.
നടിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി മുകേഷ് കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്നും ബ്ലാക്മെയില്‍ ചെയ്യാന്‍ പരാതിക്കാരി ശ്രമിച്ചുവെന്നും മുകേഷ് ഹര്‍ജിയില്‍ ആരോപിച്ചു.
ജാമ്യഹര്‍ജിയില്‍ കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ വിശദീകരണം തേടി. മൂന്നിന് കേസില്‍ വിശദമായ വാദം കേള്‍ക്കും. തുടര്‍ന്നായിരിക്കും ജാമ്യത്തില്‍ തീര്‍പ്പ് കല്‍പിക്കുക. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം എല്‍ എയുമായ മുകേഷിനെതിരെ കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്. |