മുനമ്പം സമരത്തിന് പിന്തുണയുമായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സമരവേദിയിലെത്തി. സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സമരത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നും അദ്ദേഹം സമരക്കാരോട് പറഞ്ഞു. 'സമരത്തില്‍ ഏതറ്റംവരെ പോകേണ്ടിവന്നാലും കൂടെ ഞാനുണ്ടാകും. നിങ്ങളുടെ മരണം വരെ, അവസാനത്തെ പോരാളി മരിച്ചു വീഴുന്നത് വരെ ഞാനുണ്ടാകും കൂടെ. ഗാന്ധിജിയുടെ സത്യഗ്രഹ മാതൃകയില്‍ പോരാട്ടം നടത്തും. അക്രമസക്തമായ രീതിയില്‍ അല്ല'- മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
ക്രൈസ്തവ പുരോഹിതര്‍ വര്‍ഗീയത പറയുന്നുവെന്ന വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെ പരാമര്‍ശത്തിനും മാര്‍ റാഫേല്‍ മറുപടി നല്‍കി. 'മന്ത്രി പറയുന്നത് കേട്ട് എന്റെ ഈ ളോഹ ഊരി മാറ്റാന്‍ കഴിയുമോ? ഞാന്‍ നില്‍ക്കുന്ന ആശയങ്ങള്‍ മാറ്റുമെന്ന് കരുതുന്നുണ്ടോ ? ഞങ്ങള്‍ സമരക്കാരുടെ ഇടയന്മാര്‍ ആണ്. ജനങ്ങളുടെ കൂടേ നില്‍ക്കുന്നില്ല എങ്കില്‍ ഒറ്റുകാരാകും. ളോഹ ഊരിമാറ്റി ഖദര്‍ ഷര്‍ട്ട് ഇട്ട് സമര പന്തലില്‍ വന്നു നില്‍ക്കാനാകില്ല'- മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. |