ലണ്ടന്‍: 1999ല്‍ തന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയതായി ആരോപിച്ച് കൗമാരക്കാരനെ വെടിവെച്ചുകൊന്ന കര്‍ഷകന്‍ ടോണി മാര്‍ട്ടിന്‍ (80) അന്തരിച്ചു. 16കാരനായ ഫ്രെഡ് ബാരസിനെ മാര്‍ട്ടിന്‍ വെടിവെച്ചുകൊന്ന സംഭവം ഏറെ വിവാദമായിരുന്നു. മാര്‍ട്ടിന്റെ പ്രവൃത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ അതോ സ്വയരക്ഷയ്ക്കുവേണ്ടിയാണോ എന്ന കാര്യത്തില്‍ രാജ്യം രണ്ട് തട്ടിലായിരുന്നു. പമ്പ്-ആക്ഷന്‍ ഷോട്ട്ഗണ്‍ ഉപയോഗിച്ചാണ് ടോണി മാര്‍ട്ടിന്‍ വെടിയുതിര്‍ത്തത്. 2000ല്‍ ബാരസിനെ കൊലപ്പെടുത്തിയതിനും 29കാരനായ ബ്രെന്‍ഡന്‍ ഫിയറോണിന് പരുക്കേല്‍പ്പിച്ചതിനും മാര്‍ട്ടിനെ ജയിലിലടച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം കൊലപാതകക്കുറ്റം മനഃപൂര്‍വമല്ലാത്ത നരഹത്യയായി കുറച്ചതിനെ തുടര്‍ന്ന് അദ്ദേഹം മോചിതനായി.
ജയില്‍ മോചിതനായ ശേഷം തനിക്ക് 'ഒന്നിലും ഖേദമില്ല' എന്ന് മാര്‍ട്ടിന്‍ പറഞ്ഞിരുന്നു 'ഞാന്‍ ചെയ്തത് തെറ്റാണെന്ന് പറയുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. എനിക്ക് സംഭവിച്ചത് ആളുകള്‍ മനസ്സിലാക്കുന്നില്ലെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ നിഷ്‌കളങ്കനാണ്. ഞാന്‍ സത്യസന്ധനാണ്, എനിക്ക് അസത്യം ഇഷ്ടമല്ല' - കഴിഞ്ഞ വര്‍ഷം മാര്‍ട്ടിന്‍ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് സ്‌ട്രോക്ക് ബാധിച്ച മാര്‍ട്ടിന്‍ ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് മുന്‍പ് വിസ്‌ബെക്ക് ആശുപത്രിയില്‍ വച്ച് അന്തരിച്ചതായി കുടുംബ സുഹൃത്ത് മാല്‍ക്കം സ്റ്റാര്‍ പറഞ്ഞു. അദ്ദേഹം മരിക്കുമ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ അരികിലുണ്ടായിരുന്നുവെന്ന് സ്റ്റാര്‍ അറിയിച്ചു.