ലണ്ടന്‍: ബ്രിട്ടനില്‍ നഴ്‌സിങ് കെയര്‍ മേഖലയില്‍ കെയറര്‍ വീസയില്‍ എത്തിയവര്‍ അഭിമുഖീകരിക്കുന്ന ദുരവസ്ഥയും ജോലി നേടാന്‍ ഇവര്‍ തലവരി പണമായി നല്‍കിയ ലക്ഷങ്ങളുടെ കണക്കും തുറന്നു കാട്ടി ഗാര്‍ഡിയന്‍ പത്രത്തിന്റെ സര്‍വേ റിപ്പോര്‍ട്ട്. ആയിരക്കണക്കിന് മലയാളികള്‍ അനുഭവിക്കുന്നതും കടന്നുപോയതുമായ നേര്‍ അനുഭവങ്ങളുടെ തനിപ്പകര്‍പ്പാണ് ഈ റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത പലരും 20,000 പൗണ്ട് വരെ (ഏകദേശം 20 ലക്ഷം രൂപ ) നല്‍കിയാണ് കെയറര്‍ വീസ സംഘടിപ്പിച്ചതെന്ന് തുറന്നു സമ്മതിക്കുന്നു. 35 ലക്ഷം മുടക്കി ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് സഹിതം കെയറര്‍ വീസയിലെത്തിയ മലയാളികളെ വച്ചുനോക്കുമ്പോള്‍ ഇതൊന്നും വലിയ വാര്‍ത്തയല്ലെന്നത് മറ്റൊരു കാര്യം. നൈജീരിയ, സിംബാവേ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും ഉള്ളവരാണ് അയ്യായിരവും പതിനായിരവും ഇരുപതിനായിരവും വരെ പൗണ്ട് മുടക്കി ബ്രിട്ടനില്‍ കെയറര്‍മാരായി എത്തിയവരില്‍ ഏറെയും.
ഇത്തരത്തില്‍ വന്‍തുക കൊടുത്ത് വീസ വാങ്ങി എത്തിയവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ കഥയും സര്‍വേ റിപ്പോര്‍ട്ട് വിശദമായി പറയുന്നുണ്ട്. നിലവാരമില്ലാത്ത താമസസൗകര്യമാണ് ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ലഭിച്ചത്. ജോലിസ്ഥലത്ത് നേരിടുന്ന വിവേചനങ്ങളും ഏറെയാണ്. ഇത്തരത്തില്‍ എത്തിയവരില്‍ നല്ലൊരു ശതമാനവും താമസിക്കുന്നത് തൊഴിലുടമ നല്‍കിയ താമസ സ്ഥലങ്ങളിലാണ്. മറ്റുള്ളവരുമായി കിടപ്പുമുറി പങ്കിടേണ്ടി വരുന്നവരാണ് ഇവരില്‍ നല്ലൊരു ശതമാനവും. ഒരു ഫ്‌ലാറ്റില്‍ പതിനഞ്ചോളം പേര്‍ വരെ താമസിക്കുന്ന സ്ഥലങ്ങള്‍ വരെയുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. (ലണ്ടനിലെ ഈസ്റ്റ്ഹാമിലും മറ്റും വിദ്യാര്‍ഥി വീസയില്‍ എത്തുന്നവര്‍ താമസിക്കുന്ന കണക്കുനോക്കുമ്പോള്‍ ഇത് ആഡംബരമാണ്.) പങ്കുവെച്ച് താമസിക്കുന്ന റൂമിന്റെ പോലും വാടക നല്‍കാന്‍ ബുദ്ധിമുട്ടുന്നവരാണ് കെയര്‍ വര്‍ക്കര്‍മാരില്‍ നല്ലൊരു ശതമാനമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ തുറന്നു സമ്മതിക്കുന്നുണ്ട്.