കൊച്ചി: ഗുരുവായൂരിലെ ഹോട്ടലിന് മുമ്പിലെ തുളസിത്തറയില്‍ രഹസ്യഭാഗത്തെ രോമം പിഴുതിട്ട ഹോട്ടല്‍ ഉടമയ്ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഹിന്ദുമതത്തിന് തുളസിത്തറ പരിശുദ്ധമായ ഇടമാണ്. ഹോട്ടലുടമയുടെ പ്രവൃത്തി ഹിന്ദുമതത്തില്‍പ്പെട്ടയാളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. കേസില്‍ ഇയാള്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു.
അബ്ദുള്‍ ഹക്കീം എന്നയാളാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്ത് വിഡിയോ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. ഹോട്ടലുടമയുടെ പ്രവൃത്തിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നടക്കമുള്ള കേസില്‍ അറസ്റ്റിലായ ആലപ്പുഴ സ്വദേശി ആര്‍ ശ്രീരാജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഈ നിര്‍ദേശം. ഹോട്ടലുടമയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാകില്ല. അങ്ങനെയുണ്ടെങ്കില്‍ എങ്ങനെയാണ് ഡ്രൈവിങ് ലൈസന്‍സും ഹോട്ടല്‍ ലൈസന്‍സും ലഭിച്ചതെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.