Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
മലയാളിയുടെ മണവാട്ടിക്ക് രാജ്യാന്തര അംഗീകാരം
reporter

ലണ്ടന്‍/കൊച്ചി: ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ആദ്യ ഇന്ത്യ നാടന്‍ വാറ്റായ 'മണവാട്ടി'ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിച്ചു. ലോക മദ്യവിപണിയിലെ പ്രധാന ശൃംഖലയായ ബവ്‌റിജ് ട്രേഡ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ലണ്ടന്‍ സ്പിരിറ്റ്‌സ് കോംപറ്റീഷന്‍ 2025ല്‍ 'മണവാട്ടി' വെങ്കല മെഡല്‍ കരസ്ഥമാക്കി. കൂടാതെ, ഇന്റര്‍നാഷനല്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് കോംപറ്റിഷന്‍ വാര്‍ഷിക പുരസ്‌കാര വേദിയില്‍ 'സ്പിരിറ്റ് ബ്രോണ്‍സ് 2025' പുരസ്‌കാരവും 'മണവാട്ടി' സ്വന്തമാക്കി. കൃത്രിമ നിറങ്ങളോ, കൊഴുപ്പോ, മധുരമോ ചേര്‍ക്കാത്ത ഉന്നത ഗുണമേന്മയുള്ള ഉല്‍പന്നമായതിനാലാണ് 'മണവാട്ടി' ഈ നേട്ടങ്ങള്‍ കൈവരിച്ചത്. കൊച്ചി കടവന്ത്ര സ്വദേശിയായ ജോണ്‍ സേവ്യര്‍ യുകെയില്‍ സ്ഥാപിച്ച ലണ്ടന്‍ ബാരണ്‍ എന്ന കമ്പനിയാണ് 'മണവാട്ടി' നിര്‍മിക്കുന്നത്. നിരവധി വിദേശ മദ്യ ബ്രാന്‍ഡുകളെ പിന്തള്ളിയാണ് ഈ ഇന്ത്യന്‍ ഉല്‍പന്നം ആഗോള അംഗീകാരം നേടിയത്. പ്രിസര്‍വേറ്റിവുകളോ കൃത്രിമ നിറങ്ങളോ ചേര്‍ക്കാത്തതും സ്വാഭാവിക രുചിയും ഗന്ധവുമാണ് 'മണവാട്ടി'യെ വിദേശികള്‍ക്കിടയില്‍ പ്രിയങ്കരമാക്കിയത്.

അന്നജം, കൊഴുപ്പ്, മധുരം എന്നിവയുടെ അഭാവവും ഈ നാടന്‍ വാറ്റിന് ഗുണകരമായി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ വാറ്റിയെടുക്കുന്ന 'മണവാട്ടി'യില്‍ 44% ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. നൂറ്റാണ്ടുകളായി ചാരായം വാറ്റുന്നതിന് പ്രാദേശികമായി ഉപയോഗിക്കുന്ന രീതി തന്നെയാണ് നിര്‍മാണത്തിനായി പിന്തുടരുന്നത്. ലണ്ടനിലെ മുന്‍നിര ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനാ സ്ഥാപനമായ ക്യാംപ്ഡന്‍ ബി. ആര്‍. ഐ 'മണവാട്ടി'ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയിട്ടുണ്ട്. പുരസ്‌കാര നിര്‍ണ്ണയത്തില്‍ മദ്യത്തിന്റെ രുചി ഒരു പ്രധാന ഘടകമായിരുന്നു. വിദഗ്ധരായ ജഡ്ജിമാര്‍ ഓരോ മദ്യവും രുചിച്ചതിന് ശേഷമാണ് വിധി നിര്‍ണ്ണയിക്കുന്നത്. ഇതിനു പുറമെ മദ്യത്തിന്റെ ഗുണമേന്മ, വില, പാക്കേജിങ്, വിപണന സാധ്യത, വിലയ്ക്ക് ലഭിക്കുന്ന മൂല്യം തുടങ്ങിയ ഘടകങ്ങളും പരിഗണിക്കും. ഇത്തവണത്തെ മത്സരത്തില്‍ മറ്റ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. മദ്യ നിര്‍മാണത്തിലെ പരമ്പരാഗത രീതികള്‍ക്ക് ലഭിച്ച ആഗോള അംഗീകാരമായിട്ടാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ലണ്ടന്‍ ബാരണ്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ജോണ്‍ സേവ്യര്‍ പ്രതികരിച്ചു. ബാറുടമകളും മിക്‌സോളജിസ്റ്റുകളും ഉപഭോക്താക്കളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ബ്രാന്‍ഡായി 'മണവാട്ടി'യെ വളര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഗ്രേ മക്കെന്‍സീ ആന്‍ഡ് പാര്‍ട്ട്‌ണേഴ്സിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലും 'മണവാട്ടി' ലഭ്യമാണ്.

 
Other News in this category

 
 




 
Close Window