അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന പ്രവചനാതീതമാണ്. ഗുജറാത്തിലെ ആനന്ദ് നഗരത്തിനും പറയാനുള്ളത് ആ തീരവേദനയുടെ കഥ തന്നെ. അഹമ്മദാബാദില്‍ നിന്ന് ഏകദേശം 76 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആനന്ദ് ഗുജറാത്തിന്റെ 'എന്‍ആര്‍ഐ സിറ്റി' എന്നാണ് അറിയപ്പെടുന്നത്. വിമാനാപകടത്തില്‍ മരിച്ച യാത്രക്കാരില്‍ 33 പേരും ആനന്ദില്‍ നിന്നുള്ളവരാണെന്ന് പറയുമ്പോള്‍ ആ നാടിനുണ്ടായ നഷ്ടത്തിന്റെ തോത് ചെറുതല്ല. മറ്റ് യാത്രക്കാരെ പോലെ ആനന്ദില്‍ നിന്നുള്ള മോണാലി പട്ടേലിനെയും ഭര്‍ത്താവ് സണ്ണി പട്ടേലിനെയും വിമാനപകടത്തിന്റെ രൂപത്തിലെത്തിയ മരണം കവര്‍ന്നെടുത്തിരുന്നു. ജൂണ്‍ 6-നാണ് ഇരുവരും ലണ്ടനിലേക്ക് മടങ്ങാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മടക്കയാത്ര 12 ലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ രണ്ട് മാസമായി മോണാലിയും സണ്ണിയും നാട്ടിലായിരുന്നു, ആനന്ദിനടുത്തുള്ള ഗാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ബന്ധു ജിഗ്‌നേഷ് പട്ടേല്‍ പറഞ്ഞു. 'എന്റെ രണ്ട് വയസ്സുള്ള മകനോട് മോണാലിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. അവള്‍ക്ക് സ്വന്തമായി കുട്ടികളുണ്ടായിരുന്നില്ല. പക്ഷേ, ഞങ്ങളുടെ കുടുംബത്തിലെ കുട്ടികള്‍ അവള്‍ക്ക് സ്വന്തം പോലെയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി അവര്‍ ഇവിടെയായിരുന്നു, ചികിത്സയ്ക്കാണ് മോണാലി നാട്ടിലെത്തിയത്. ഭര്‍ത്താവ് സണ്ണി തന്റെ ബിസിനസില്‍ നിന്ന് അവധിയെടുത്ത് മോണാലിക്കൊപ്പം വന്നതാണ്' - ജിഗ്‌നേഷ് പറയുന്നു. ഏഴ് വര്‍ഷം മുന്‍പ് ലണ്ടനില്‍ വച്ചാണ് മോണാലിയും സണ്ണിയും വിവാഹിതരായത്. വീസ ഇല്ലാത്തതിനാല്‍ ജിഗ്‌നേഷിന് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സണ്ണി പലതവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു, ഇവിടുത്തെ സംസ്‌കാരത്തെയും ജനങ്ങളെയും വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. എല്ലാ വര്‍ഷവും രാഖി കെട്ടാന്‍ മോണാലി തന്റെ വീട്ടില്‍ എത്തുമായിരുന്നു എന്ന് ജിഗ്‌നേഷ് പറയുന്നു. 'ജൂണ്‍ 12 ന് രാവിലെ ഞാന്‍ ഭാര്യയെയും കുട്ടിയെയും കൂട്ടി മോണാലിയെയും സണ്ണിയെയും സന്ദര്‍ശിച്ചിരുന്നു. മോണാലി അവനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു, ഉടന്‍ മടങ്ങിവരുമെന്ന് ഉറപ്പു നല്‍കി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ പ്രക്രിയ പൂര്‍ത്തിയാക്കി, വിമാനം പുറപ്പെടുന്നതിന് ഏതാനും മിനിറ്റ് മുന്‍പ് വരെ അവള്‍ എനിക്ക് മെസേജ് അയച്ചിരുന്നു- ജിഗ്‌നേഷ് പറയുന്നു. മകളുടെ മരണത്തെക്കുറിച്ച് മോണാലിയുടെ മാതാപിതാക്കളായ മുകേഷിനെയും ജയശ്രീ പട്ടേലിനെയും വളരെ വൈകിയാണ് അറിയിക്കുന്നത്. ഇരുവരുടെയും വേര്‍പാടിന്റെ ഞെട്ടലില്‍ നിന്ന് കുടുംബം ഇതുവരെ മോചിതരായിട്ടില്ലെന്ന് ജിഗ്‌നേഷ് കണ്ണീരൊടെ പറയുന്നു.