ഡബ്ലിന്‍: നാസയും അമേരിക്കയിലെ നാഷനല്‍ സ്‌പേസ് സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച രാജ്യാന്തര സ്‌പേസ് സെറ്റില്‍മെന്റ് ഡിസൈന്‍ മത്സരത്തില്‍ ഐറിഷ് വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സ്ഥാനം. ആയിരക്കണക്കിന് ആഗോള മത്സരാര്‍ഥികളെ പിന്തള്ളി ഡബ്ലിനിലെ സെന്റ്.ഡൊമിനിക്ക് കോളജ് കാബ്ര, ക്ലെയറിലെ സെന്റ്.ഫ്‌ളനാന്‍സ് കോളജ് എന്നിസ് എന്നിവിടങ്ങളിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്.
ടീമില്‍ മലയാളി വിദ്യാര്‍ഥികളുണ്ടെന്നത് കേരളത്തിനും അഭിമാനകരമാണ്. സെന്റ്.ഡൊമിനിക് കോളജ് കാബ്ര ടീമിലെ ശ്രേയ മരിയ സാജുവും, നിയ നെജുവും മലയാളികളാണ്. ഭ്രമണപഥത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ ഭക്ഷണം, ജലം, ഓക്‌സിജന്‍ എന്നിവയുടെ പുനരുപയോഗം നടത്തുന്ന ക്‌ളോസ്ഡ്-ലൂപ്പ് സിസ്റ്റം ആണ് വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്തത്. ഇനിസ് ബെത്ത അഥവാ ഐലന്‍ഡ് ഓഫ് ലൈഫ് എന്നാണ് ഡിസൈന് നല്‍കിയിരിക്കുന്ന പേര്.
ഭൂമിയുടെ ആകര്‍ഷണം ഇല്ലാത്ത അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌പേസ് ഹാബിറ്റാറ്റ്, മറ്റ് ഗ്രഹങ്ങളും ആസ്‌ട്രോയിഡുകളും പര്യവേഷണം ചെയ്യാന്‍ ഉപയോഗിക്കാമെന്നാണ് വിദ്യാര്‍ഥികള്‍ വിശദീകരിച്ചത്. ഈ മാസം ഫ്ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ സ്‌പേസ് ഡവലപ്‌മെന്റ് കോണ്‍ഫറന്‍സില്‍ ഡിസൈന്‍ അവതരിപ്പിക്കും. സ്‌പേസ് ഇന്‍ഡസ്ട്രിയിലെ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ബഹിരാകാശ പ്രേമികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.