ലണ്ടന്‍: ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ദുരന്തത്തില്‍ കലാശിക്കുന്ന അവസ്ഥ ഹൃദയഭേദകമാണ്. അത്തരത്തില്‍ വിധിയുടെ ക്രൂരതയ്ക്ക് ഇരയായവരാണ് ഗുജറാത്ത് സ്വദേികളായ വിഭൂതി പട്ടേലും ഹാര്‍ദിക് അവയ്യയും. ഇരുവരും ഒരു സംസ്ഥാനക്കാരാണെങ്കിലും കണ്ടുമുട്ടിയതും പ്രണയിച്ചതുമെല്ലാം ലണ്ടനില്‍ നിന്നാണ്. പത്തു ദിവസത്തെ അവധിക്ക് ഗുജറാത്തിലെത്തി വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം നിശ്ചയം നടത്തി മടങ്ങിയ ഇരുവരെയും മരണംകവര്‍ന്നു. അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും.
സൂറത്തിലെ കാംരെജ് സ്വദേശിയാണ് വിഭൂതി. ഫിസിയോതെറപ്പിയില്‍ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായാണ് ലണ്ടനിലേക്കു പോയത്. യുകെയിലെ ലെയ്സ്റ്റര്‍ കോളജില്‍ വച്ചാണ് ഹര്‍ദിക്കിനെ പരിചയപ്പെടുന്നത്. ഒരേ നാട്ടുകാരായതിനാല്‍ ഇരുവരും തമ്മില്‍ വളരെ വേഗത്തില്‍ തന്നെ സുഹൃത്തുക്കളായി. സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയും ചെയ്തു. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.
പഠനത്തില്‍ മിടുക്കിയായിരുന്നു വിഭൂതി എന്ന് അവരുെട നാട്ടുകാരന്‍ തന്നെ പറയുന്നു. 'നന്നായി പഠിക്കുന്നവളായിരുന്നു വിഭൂതി. മിടുക്കിയായ വിദ്യാര്‍ഥി. ഉമ്പേല്‍ ഗ്രാമപഞ്ചായത്തംഗവുമായിരുന്നു. വിഭൂതിയുടെ പിതാവ് സഹകരണ സ്ഥാപനത്തില്‍ ക്ലര്‍ക്കാണ്. കഴിഞ്ഞയാഴ്ച എല്ലാവരും വളരെ സന്തോഷത്തോടെ അവളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. ഇന്ന് ആ വീട്ടില്‍ സന്തോഷത്തിനു പകരം സങ്കടം നിറഞ്ഞിരിക്കുന്നു. വിഭൂതിക്ക് ഒരു സഹോദരനും സഹോദരിയും ഉണ്ട്.'- ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദര്‍ശന്‍ പട്ടേല്‍ പറഞ്ഞു.