തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ ഇംഗ്‌ളണ്ടില്‍നിന്നു വിദഗ്ദ്ധരെത്തും. ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ സങ്കേതികത്തകരാര്‍ കണ്ടെത്തുന്നതിനായി ബ്രിട്ടണില്‍നിന്ന് അഞ്ചുപേര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. നിലവില്‍ ഇവിടെയുണ്ടായിരുന്ന പൈലറ്റ് ഫ്രെഡ്ഡിയും മറ്റ് രണ്ടു സാങ്കേതികവിദഗ്ദ്ധരും വെള്ളിയാഴ്ച ബ്രിട്ടണിലേക്കു മടങ്ങി.
പുതുതായി എത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ യുദ്ധവിമാനത്തിന്റെ യുദ്ധവിമാനത്തിന്റെ ചുമതലയേറ്റെടുത്തു. അടുത്ത ദിവസങ്ങളില്‍ ഇവര്‍ വിമാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും 30 അംഗ വിദഗ്ദ്ധസംഘം തിരുവനന്തപുരെേത്തക്കത്തുന്നത്. എഫ്-35 പരിശോധിക്കാനും വിമാനത്തെ തിരികെ ബ്രിട്ടനിലേക്കു കൊണ്ടുപോകാനും പൂര്‍ണസജ്ജമായാണ് സംഘം വരുന്നത്. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീല്‍ഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഈ കൂട്ടത്തില്‍ ഉണ്ടാകും എന്നാണ് സൂചന .
കഴിഞ്ഞ ആറു ദിവസമായി കനത്ത മഴയില്‍ തുറന്ന സ്ഥലത്ത് എഫ്-35 നിര്‍ത്തിയിട്ടാണ് തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചത്. വിമാനം നന്നാക്കാനായി വിമാനത്താവളത്തോടു ചേര്‍ന്നുള്ള ഹാങ്ങര്‍ യൂണിറ്റിലേക്കു മാറ്റാമെന്ന ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദേശം ബ്രിട്ടീഷ് അധികൃതര്‍ നിരസിച്ചു. അത്യാധുനിക സൈനികവിമാനമായ എഫ്-35 മറ്റൊരു രാജ്യത്തിന്റെ അധീനതയിലുള്ള അറ്റകുറ്റപ്പണി കേന്ദ്രത്തിലേക്കു മാറ്റേണ്ടതില്ല എന്നാണ് ബ്രട്ടീഷ് സംഘത്തിന്റെ തീരുമാനം. മണ്‍സൂണ്‍ സാഹചര്യമായതിനാല്‍ പണികള്‍ നടത്തുന്നതിന് താത്കാലിക ഷെഡ്ഡുപോലുള്ള സംവിധാനമൊരുക്കാമെന്ന വ്യോമസേനയുടെ നിര്‍ദേശവും ബ്രിട്ടണ്‍ നിരസിച്ചിട്ടുണ്ട്. എഫ് 35-ന്റെ നിര്‍മാണ, പ്രവര്‍ത്തന രഹസ്യങ്ങള്‍ അല്‍പ്പംപോലും ചോര്‍ന്നുപോകരുതെന്ന മുന്‍കരുതലായിരിക്കാം ബ്രിട്ടീഷ് സംഘം നിര്‍ദേശങ്ങള്‍ നിരസിക്കാന്‍ കാരണമെന്നാണു സൂചന. വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലാണ് എഫ്-35.