ലണ്ടന്‍: ഇറാന്‍- ഇസ്രയേല്‍ യുദ്ധം ഖത്തറിലേക്കും വ്യാപിച്ചതോടെ രാജ്യാന്തര വ്യോമ ഗതാഗതം താറുമാറായി. ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ വ്യോമപാതകള്‍ അടച്ചതോടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും മിഡില്‍ ഈസ്റ്റ് വഴിയുള്ള യാത്രകള്‍ പലതും മുടങ്ങുകയോ വൈകുകയോ ചെയ്യുന്ന സ്ഥിതിയായി. ലോകത്തിലെ പത്താമത്തെ വലിയ വിമാനത്താവളമായ ഖത്തറിലെ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വഴി ദിവസേന യാത്രചെയ്യുന്നത് 140,000 യാത്രക്കാരാണ്. അബുദാബി, ദുബായ് വിമാനത്താവളങ്ങള്‍ അടച്ചിട്ടില്ലെങ്കിലും യുഎഇ വഴിയുള്ള യാത്രകളും ഒഴിവാക്കണമെന്ന് ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി തുടങ്ങി പല രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
യുഎഇ, ഖത്തര്‍, ബഹറൈന്‍, കുവൈത്ത്, സൗദി അറേബ്യ തുടങ്ങി എല്ലാ ജിസിസി രാജ്യങ്ങള്‍ വഴിയുമുള്ള യാത്രകള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കാനാണ് ബ്രിട്ടിഷ് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇവിടങ്ങളില്‍ വിമാനപാത അടയ്ക്കാനും, വിമാനങ്ങള്‍ വൈകാനും, റദ്ദാക്കപ്പെടാനും, മറ്റു യാത്രാബുദ്ധുമുട്ടുകള്‍ നേരിടാനും സാധ്യതകള്‍ ഏറെയാണെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളിലേക്ക് ആര്‍ക്കും യാത്രാവിലക്ക് ഇല്ലെങ്കിലും ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളിലൂടെയുള്ള അപ്‌ഡേറ്റുകള്‍ ശ്രദ്ധിച്ചുവേണം യാത്രയെന്നാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 2024ല്‍ മാത്രം പത്തുലക്ഷം ബ്രിട്ടിഷുകാര്‍ സന്ദര്‍ശനം നടത്തിയ രാജ്യമാണ് യുഎഇ അത്രയേറെ പ്രിയപ്പെട്ടതാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ബ്രിട്ടിഷുകാരുടെ യാത്രകള്‍. ബ്രിട്ടനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ യാത്രകളില്‍ മഹാഭൂരിപക്ഷവും മിഡില്‍ ഈസ്റ്റ് വഴിയാണ്. പുതിയ സംഭവവികാസങ്ങള്‍ ഈ ദിവസങ്ങളില്‍ നാട്ടില്‍ പോകാന്‍ തയാറായിരിക്കുന്ന നൂറുകണക്കിന് മലയാളികള്‍ക്കും നാട്ടില്‍ പോയവര്‍ക്ക് മടക്കയാത്രയ്ക്കും വലിയ തിരിച്ചടിയാകും. ഇതിനിടെ ഇസ്രയേലില്‍ കുടുങ്ങിയ 63 ബ്രിട്ടിഷുകാരെ റോയല്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ ഇന്നലെ ബ്രിട്ടനില്‍ തിരികെയെത്തിച്ചു.