|
വിമാനാപകടത്തില്‍ മരിച്ച നഴ്‌സ് രഞ്ജിതയ്ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്. പൂര്‍ത്തിയാകാത്ത തന്റെ സ്വപ്നഭവനത്തിന് സമീപം ആയിരുന്നു രഞ്ജിതയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയിരുന്നത്. ചിതയ്ക്ക് മകന്‍ ഇന്ദുചൂഡന്‍, സഹോദരങ്ങളുടെ പുത്രന്മാരായ കാശിനാഥ്, ശ്രീറാം എന്നിവര്‍ ചേര്‍ന്ന് അഗ്‌നിപകര്‍ന്നു. ആയിരകണക്കിന് പേരാണ് രഞ്ജിതയ്ക്ക് അന്ത്യാഞ്ജലി അര്‍ പ്പിക്കാനെത്തിയത്.
കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു രഞ്ജിത. ഒറ്റ നിമിഷം കൊണ്ടാണ് രഞ്ജിതയുടെ രണ്ട് മക്കളും, രഞ്ജിതയുടെ അമ്മയും അനാഥരായത്.
പത്താം ക്ലാസില്‍ പഠിക്കുകയാണ് രഞ്ജിതയുടെ മകന്‍ ഇന്ദുചൂഡന്‍. ഏഴാം ക്ലാസിലാണ് മകള്‍ ഇതിക.
2014 ല്‍ സലാലയില്‍ നഴ്സ് ആയി ജോലി തുടങ്ങി. അതിനിടെ പി.എസ്.സി പഠനം. 2019 ല്‍ ആരോഗ്യ വകുപ്പില്‍ ജോലി കിട്ടി. ഏഴുമാസം മുന്‍പാണ് ലണ്ടനിലേക്ക് മാറിയത്. മക്കളോടൊപ്പം കഴിയണമെന്ന് ഏറെ ആഗ്രഹിച്ചാണ് നാട്ടില്‍ വീട് പണി തുടങ്ങിയത്.
വീടുപണി പൂര്‍ത്തിയായാല്‍ നാട്ടില്‍ തിരികെ എത്തി സര്‍ക്കാര്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കാനായിരുന്നു പദ്ധതി.
അമ്മയുടെ ഡിഎന്‍എ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിങ്കളാഴ്ച തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. ദുരന്തം നടന്ന് 11ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദിലെത്തിയ സഹോദരന്‍ രതീഷിന്റെ ഡി.എന്‍.എ സാമ്പിളുമായി പൊരുത്തപ്പെടാതിരുന്നതാണ് ഫലം വൈകാന്‍ കാരണമായത്. തുടര്‍ന്ന് മാതാവ് തുളസിയുടെ രക്ത സാമ്പിള്‍ നാട്ടില്‍ നിന്ന് ശേഖരിച്ച് ഗാന്ധിനഗറിലെ ലാബില്‍ എത്തിച്ചതിനുശേഷം പരിശോധന നടത്തുകയായിരുന്നു. അപകട സ്ഥലത്തുനിന്ന് ലഭിച്ച രഞ്ജിതയുടെ ആഭരണങ്ങള്‍, ചെരുപ്പ്, ബാഗ് എന്നിവയും സഹോദരന് കൈമാറി. |