ഗാല്‍വേ:കുഴിമാടം പോലുമില്ലാതെ മറവ് ചെയ്തത് 796 കുഞ്ഞുങ്ങളെ. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന് ശേഷം അടയാളങ്ങള്‍ പോലുമില്ലാതെ കുഴിച്ചുമൂടപ്പെട്ട ആ കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ഖനനം ആരംഭിച്ചു. അയര്‍ലാന്‍ഡിലെ ഗാല്‍വേ കൌണ്ടിയിലെ ടുവാമിലാണ് ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അയര്‍ലാന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ഏടുകളെന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവങ്ങളുടെ തെളിവുകളാണ് ഗവേഷകര്‍ തിരയുന്നത്.
1920നും 1961നും ഇടയിലാണ് അവിവാഹിതരായ അമ്മമാര്‍ക്ക് വേണ്ടി കത്തോലിക്കാ സന്യാസിനികള്‍ നടത്തിയിരുന്നു ബേബി ഹോമുകളിലായി 796 ശിശുക്കള്‍ മരണപ്പെട്ടതായാണ് ചരിത്ര ഗവേഷകയായ കാതറിന്‍ കോള്‍സ് കണ്ടെത്തിയത്. ഈ കുഞ്ഞുങ്ങളെ ടുവാമിലെ ബേബി ഹോമിന്റെ പരിസരങ്ങളിലായാണ് കുഴിച്ച് മൂടിയതെന്നായിരുന്നു കാതറിന്റെ കണ്ടെത്തല്‍. 2014ലാണ് കാതറിന്റെ കണ്ടെത്തല്‍ ലോകശ്രദ്ധ നേടിയത്. 2017ല്‍ സര്‍ക്കാര്‍ അധികാരികള്‍ കാതറിന്റെ കണ്ടെത്തലുകള്‍ അനുസരിച്ച് കൂട്ടക്കുഴിമാടം കണ്ടെത്തുകയും ചെയ്തിരുന്നു. ഡിഎന്‍എ പരിശോധനയി 35 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മുതല്‍ 3 വയസ് പ്രായമുള്ള ശിശുക്കള്‍ വരെ ഇത്തരത്തില്‍ കൂട്ടക്കുഴിമാടങ്ങളില്‍ മറവ് ചെയ്യപ്പെട്ടതായി തെളിഞ്ഞിരുന്നു. 1961ലാണ് ഇത്തരം ബേബി ഹോമുകള്‍ അടച്ച് പൂട്ടിയത്. അവിവാഹിതരായ ഗര്‍ഭിണികളെ ഇത്തരം കേന്ദ്രങ്ങളില്‍ നിര്‍ബന്ധിച്ച് എത്തിക്കുകയും പ്രസവിച്ച കുട്ടികളെ ഒളിപ്പിച്ച് വയ്ക്കുകയോ അനുവാദമില്ലാതെ ദത്ത് നല്‍കുകയോ അടക്കമുള്ളവയായിരുന്നു ഇത്തരം ബേബി ഹോമുകളില്‍ നടന്നിരുന്നത്.
കൂട്ടക്കുഴിമാടത്തിന് പുറമേ ബേബി ഹോമുണ്ടായിരുന്ന അഴുക്കുചാലില്‍ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങളുണ്ടെന്നാണ് കാതറിന്‍ വിശദമാക്കുന്നത്. ഇതില്‍ വ്യക്തത വരുത്താനായാണ് നിലവിലെഖനനം. അയര്‍ലാന്‍ഡിലുണ്ടായിരുന്ന 18 ബേബി ഹോമുകളിലായി 900 കുട്ടികള്‍ മരണപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ചുമ, ക്ഷയം, ഡിഫ്ത്തീരിയ അടക്കമുള്ളവ ബാധിച്ചാണ് മരണങ്ങളില്‍ ഏറിയ പങ്കും സംഭവിച്ചതെങ്കിലും ടുവാമില്‍ കുട്ടികളെ സംസ്‌കരിച്ചത് സംബന്ധികയായ രേഖകളൊന്നും ലഭ്യമല്ല. വലിയ രീതിയില്‍ അധികാരികള്‍ വരുത്തിയ വീഴ്ചയെന്നാണ് ഇതിനെ കാതറിന്‍ നിരീക്ഷിക്കുന്നത്. 2021ല്‍ അയര്‍ലാന്‍ഡ് സര്‍ക്കാര്‍ സംഭവത്തില്‍ സ്ത്രീകളോടും കുട്ടികളോടും കാണിക്കപ്പെട്ട അനാദരവിന് രേഖാ പൂര്‍വ്വം ക്ഷമാപണം നടത്തിയിരുന്നു. രണ്ട് വര്‍ഷം കൊണ്ട് ഖനനം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കണ്ടെത്തുന്ന മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് തന്നെ കൈമാറുമെന്നും ഖനന പദ്ധതിയുടെ മേധാവി ഡാനിയല്‍ മക്‌സ്വീനി വിശദമാക്കുന്നത്. വെറുമൊരു ഖനനമല്ല നടക്കുന്നതെന്നും ദേശീയ തലത്തില്‍ അംഗീകാരവും അന്തസും കുഞ്ഞുങ്ങള്‍ക്ക് ലഭിക്കാനുള്ള ശ്രമമാണെന്നും ഡാനിയല്‍ മക്‌സ്വീനി വിശദമാക്കുന്നു.