ബ്രാഡ്ഫോര്‍ഡ്: യുകെയില്‍ നടുറോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 'ചിരിക്കുന്ന കൊലയാളി' എന്ന് അറിയപ്പെടുന്ന ഹബീബുര്‍ മാസിനെ(26) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭാര്യ കുല്‍സുമ അക്തറിനെ (27) യാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സ്‌നാപ്ചാറ്റില്‍ നിന്ന് കുല്‍സുമയുടെ ലൊക്കേഷന്‍ മനസ്സിലാക്കിയ ശേഷമായിരുന്നു കൊലപാതകം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനാണ് സംഭവം നടന്നത്. നടുറോഡില്‍ വെച്ച് പ്രതി ഭാര്യയെ 25 തവണ കുത്തി. അതിനുശേഷം കഴുത്തറത്ത് മരണം ഉറപ്പാക്കി. രക്ഷപ്പെടാനായി പ്രതി ബസില്‍ കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അഞ്ചു മാസം മാത്രം പ്രായമുള്ള ഇവരുടെ കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്.
ഭാര്യ മേക്ക് അപ്പ് ധരിക്കുന്നതിനെ പ്രതി എതിര്‍ത്തിരുന്നു. ചായ കുടിക്കുന്നതില്‍ നിന്ന് വിലക്കുകയും ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നിരന്തരമായി പരിശോധിക്കുകയും ചെയ്തിരുന്നു. കൂടാതെ ഭാര്യയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും കോടതി കണ്ടെത്തിയിട്ടുണ്ട്. വിധി കേട്ട പ്രതി കോടതിയില്‍ പൊട്ടിക്കരഞ്ഞു. ബംഗ്ലാദേശില്‍ വെച്ച് വിവാഹിതരായ ഇരുവരും 2022ലാണ് യുകെയിലെത്തിയത്. തുടര്‍ന്ന് വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായി. 2023 നവംബറോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. കിഴക്കന്‍ ബംഗ്ലാദേശിലെ സില്‍ഹെറ്റ് സ്വദേശിയായ ഹബീബുര്‍ മാസ് ബെഡ്ഫോര്‍ഡ്‌ഷെയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇയാള്‍ യുട്യൂബില്‍ യാത്രകളുടെ വ്‌ളോഗുകളും യുകെയിലെ ജീവിതവും പങ്കുവച്ചിരുന്നു.