Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
താമസം പഞ്ചനക്ഷത്ര ഹോട്ടലില്‍, യാത്ര റോള്‍സ് റോയിസില്‍
reporter

ലണ്ടന്‍: റിയാലിറ്റി ഷോകളിലൂടെ ആരാധക മനസുകളിലിടം നേടിയ കര്‍ദാഷിയാന്‍ സഹോദരിമാരുടെ പേരായിരുന്നു ജാക്ക് വാട്ട്കിന്‍ സമര്‍ഥമായി തട്ടിപ്പിന് ഉപയോഗിച്ചത്. അമേരിക്കയിലെ കര്‍ദാഷിയാന്‍ കുടുംബത്തെ പോലെ സമ്പന്നതയുടെ കൊടിമുടിയിലാണ് തന്റെ കുടുംബവുമെന്നാണ് ജാക്ക് സമൂഹമാധ്യമത്തില്‍ അവകാശപ്പെട്ടിരുന്നത്. 'ബ്രിട്ടിഷ് കര്‍ദാഷിയാന്‍' എന്ന വിശേഷണവുമായി സ്വന്തം കുടുംബത്തെ അവതരിപ്പിച്ചതിന് പിന്നില്‍ ഒളിച്ചിരുന്നത് ചതിയുടെ കാണാപ്പുറങ്ങളായിരുന്നു. ഡിസൈനര്‍ ബാഗുകളില്‍ നിക്ഷേപിക്കാന്‍ നിക്ഷേപകരെ വലവീശിയ ജാക്കിന്റെ വലയില്‍ പലരും വീണു. അച്ഛനെ പോലും നിക്ഷേപകനാക്കി മാറ്റിയ ജാക്കിന്റെ വാണിജ്യ തന്ത്രം അതിവേഗം അനേകരെ ആകര്‍ഷിച്ചു. വിലകൂടിയ ഹെര്‍മിസ് ബാഗുകള്‍ വാങ്ങാനും വില്‍ക്കാനും പണം കടം നല്‍കിയാല്‍ ലാഭത്തിന്റെ ഒരു പങ്ക് നല്‍കാമെന്നായിരുന്നു ഈ 26 വയസ്സുകാരന്റെ വാഗ്ദാനം.

പണം നല്‍കിയ ആര്‍ക്കും ലാഭവിഹിതം കിട്ടിയില്ല. ജാക്ക് ഒരിക്കലും ബാഗ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തില്ല. മറിച്ച് ആഡംബര ജീവിതത്തിനായി കിട്ടിയ പണം വിനിയോഗിക്കുകയായിരുന്നു. ലണ്ടനിലെ മേഫെയറിലെ പഞ്ചനക്ഷത്ര ഡോര്‍ചെസ്റ്റര്‍ ഹോട്ടലില്‍ ആഴ്ചകളോളം ജാക്ക് താമസിച്ചു. ഒരു രാത്രി അന്തിയുറങ്ങാന്‍ ജാക്ക് 3,000 പൗണ്ട് വരെ ചെലവഴിച്ചു. ആറ് മാസത്തിനുള്ളില്‍ 136,000 പൗണ്ടാണ് ഇത്തരത്തില്‍ വിനിയോഗിച്ചത്. നഗരഹൃദയത്തിലൂടെ ജാക്ക് യാത്ര ചെയ്തിരുന്നത് റോള്‍സ് റോയ്‌സിലായിരുന്നു. ഡ്രൈവറെ പോലും നിയോഗിച്ചിരുന്ന ജാക്ക് ഇത്തരത്തില്‍ സഞ്ചരിക്കാന്‍ 22,000 പൗണ്ടിലധികം ചെലവഴിച്ചു. ഡിസൈനര്‍ ബാഗുകള്‍ വാങ്ങിയില്ലെങ്കിലും ജാക്ക് വിലകൂടിയ ബ്രാന്‍ഡ് വസ്ത്രങ്ങള്‍ വാങ്ങിയിരുന്നു. അതിന് പണം ചെലവഴിക്കുന്നത് അയാള്‍ക്ക് ഇഷ്ടമായിരുന്നു.

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും മൊബൈലില്‍ സൂക്ഷിച്ചതിനും ജാക്കിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ഇയാള്‍ കുറ്റം ചെയ്തതായി തെളിഞ്ഞതോടെ ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് ജഡ്ജി സൈമണ്‍ ബര്‍ക്‌സണ്‍ പറഞ്ഞത്. മദ്യപിച്ച് വാഹനമോടിച്ചതിനും മുന്‍പ് ജാക്ക് പിടിയിലായിരുന്നു.

ചാനല്‍ 4 സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയായ റിച്ച് കിഡ്‌സ് ഓഫ് ഇന്‍സ്റ്റഗ്രാമില്‍ ജാക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. 2016 ല്‍ കേവലം 17 വയസ്സുള്ളപ്പോഴാണ് ജാക്ക് ഈ പരിപാടിയില്‍ ആദ്യമായി മുഖം കാണിച്ചത്. അമേരിക്കയിലെ കര്‍ദാഷിയാന്‍ കുടുംബവുമായി ബന്ധമുണ്ടെന്ന തരത്തിലായിരുന്നു ജാക്ക് സ്വയം അവതരിപ്പിച്ചത്. റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, മെഴ്‌സിഡസ് ബെന്‍സ്, പോര്‍ഷെ, റേഞ്ച് റോവര്‍ എന്നിവയുള്‍പ്പെടെ 1.7 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന സൂപ്പര്‍ കാറുകള്‍ ഉണ്ടെന്ന് ജാക്ക് അവകാശപ്പെട്ടു. പതിവായി പിതാവിന്റെ സ്വകാര്യ ജെറ്റിലെ യാത്രയും ബള്‍ഗാരി വാച്ചിനായി ചെലവഴിച്ച 500,000 പൗണ്ടിന്റെ കഥയും ജാക്കിന് അതിവേഗം ആരാധകപ്രീതി നേടാന്‍ സഹായകരമായി.

''ജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല. എന്റെ അച്ഛന് ഇത് സ്വന്തമാക്കുന്നതിന് വലിയ തോതില്‍ കഷ്ടപ്പെടുന്നുണ്ട്. ഞങ്ങളുടെ സ്വകാര്യ ജെറ്റ് തനിയെ പറക്കില്ല. നീന്തല്‍ കുളം തനിയെ വൃത്തിയാക്കുന്നില്ല. കാറുകളില്‍ തനിയെ പെട്രോള്‍ നിറയുന്നില്ല. ഇതിന് പണം വേണം'' -ജാക്ക് ഡോക്യുമെന്ററിയില്‍ പറഞ്ഞതാണ് ഈ വാക്കുകള്‍. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു; തട്ടിപ്പ് തുടങ്ങി 2019ല്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ പിതാവ് ജേസണ്‍ വാട്ട്കിനില്‍ നിന്നുള്ള സാമ്പത്തിക സഹായം നിലച്ചതാണ് ജാക്കിന്റെ തട്ടിപ്പിന് പിന്നിലുള്ള കാരണമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഹെര്‍മിസ് ഡയറക്ടറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും അതുവഴി ബാഗുകള്‍ എളുപ്പത്തില്‍ ലഭിക്കുമെന്നും പറഞ്ഞ് ഇയാള്‍ ഹന്ന ജേക്‌സ് എന്ന കുടുംബ സുഹൃത്തിനെ കബളിപ്പിച്ച് 98,500 പൗണ്ടിലധികം തട്ടിയെടുത്തു. ഡിസൈനര്‍ ബാഗുകള്‍ വില്‍ക്കുന്ന ക്രിസ്റ്റീന്‍ കോള്‍ബര്‍ട്ട് എന്ന ബിസിനസ് ഉടമയ്ക്ക് 43,800 പൗണ്ടും ഇയാളുടെ തട്ടിപ്പിലൂടെ നഷ്ടമായി. മാത്രമല്ല അവരുടെ കടയില്‍ നിന്ന് 21,000 പൗണ്ടിന്റെ ഹെര്‍മിസ് ബാഗും 8,000 പൗണ്ടിന്റെ ഗോയാര്‍ഡ് ബാഗും ഇയാള്‍ മോഷ്ടിച്ചു. കൂടാതെ ജെയിംസ് ഐര്‍ലാം, അന്‍ഡോര്‍ ഫര്‍കാസ്, നഹീം അക്തര്‍ തുടങ്ങിയവരും ജാക്കിന്റെ തട്ടിപ്പിന് ഇരയായി.

വിശ്വാസം നേടാന്‍ ആഡംബരജീവിതം സമൂഹമാധ്യമത്തില്‍ ആഡംബരജീവിതം നയിക്കുന്നതായി കാണിക്കുകയും അതുവഴി വിശ്വാസം നേടിയെടുത്ത് തട്ടിപ്പ് നടത്തുകയുമായിരുന്നു ജാക്കിന്റെ രീതിയെന്ന് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഗാരെത് യേറ്റ്‌സ് പറഞ്ഞു. ജാക്കിനെ പിടികൂടാന്‍ സഹായിച്ചത് ക്രിസ്റ്റീന്‍ കോള്‍ബര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ ഇയാള്‍ക്കെതിരെ പോസ്റ്റ് ചെയ്ത മുന്നറിയിപ്പാണ്. ഇത് കണ്ട് ഹന്ന ജേക്‌സ് ക്രിസ്റ്റീനെ ബന്ധപ്പെടുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് അന്വേഷണത്തില്‍ തട്ടിപ്പ് പൊളിഞ്ഞു. സമ്പന്നരായ സുഹൃത്തുക്കളെയും ബന്ധുക്കളെയും വഞ്ചിച്ച് 200,000 പൗണ്ടില്‍ അധികം ഇയാള്‍ തട്ടിച്ചതായി കോടതി കണ്ടെത്തിയിട്ടുണ്ട്.



(Disclaimer: ഈ വാര്‍ത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം യുകെ മലയാളം പത്രത്തിന്റേത് അല്ല. ഇത് Cheshire Police/PA Wire, Cheshire Constabulary എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാര്‍ത്ത കൂടുതല്‍ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)

 
Other News in this category

 
 




 
Close Window