തിരുവനന്തപുരം: അറബിക്കടലിനു മുകളിലൂടെ പറക്കുന്നതിനിടെ ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിത്. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. ശനിയാഴ്ച രാത്രി 10.30ഓടെയാണ് വിമാനം ഇറക്കിയത്. മുന്നോടിയായി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളങ്ങളില്‍ ഒന്നായതിനാലാണ് തിരുവനന്തപുരത്ത് വിമാനമിറക്കാന്‍ അനുമതി നല്‍കിയത്.
യുദ്ധ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൈലറ്റിനെ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കൊണ്ടുപോകാനായി വ്യോമസേന ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വിമാനത്തിന് അടുത്ത് നിന്ന് പോകാന്‍ അദ്ദേഹം വിസമ്മതിച്ചു. തനിക്ക് ഒരു കസേര വേണമെന്നാണ് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. കസേര എത്തിച്ചതിന് ശേഷം, ഏറെ നേരം വിമാനത്തിനടുത്ത് കസേരയിട്ട് വിശ്രമിച്ചതിന് ശേഷമാണ് പൈലറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വിമാനത്താവളത്തിലേക്ക് പോയത്.
ബ്രിട്ടന്റെ നാവിക വിഭാഗമായ റോയല്‍ നേവിയുടെ കീഴിലുള്ള എച്ച്.എം.എസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലില്‍ നിന്ന് പരിശീലനത്തിന് പറന്നുയര്‍ന്ന വിമാനമാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. രണ്ട് ദിവസം മുമ്പ് പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്ത്യന്‍ നേവിയും റോയല്‍ നേവിയുടെ കാരിയര്‍ സ്ട്രൈക് ഗ്രൂപ്പും സംയുക്ത നാവിക അഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എച്ച്.എം.എസ് പ്രിന്‍സ് ഓഫ് വെയില്‍സ് ഇന്ത്യന്‍ തീരത്തിന് സമീപമെത്തിയത്. കേരള തീരത്ത് നിന്നും 100 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ ചാലിലായിരുന്നു വിമാനനവാഹിനി കപ്പല്‍.
കടല്‍ പ്രക്ഷുബ്ദമായതോടെ കപ്പലില്‍ തിരിച്ച് ഇറക്കാനാവാതെ വിമാനം ഏറെ നേരം വട്ടമിട്ടു പറന്നു. ഇന്ധനത്തിന്റെ അളവ് കുറഞ്ഞതോടെ ഇന്ത്യയില്‍ ഇറക്കാന്‍ പൈലറ്റ് അനുമതി തേടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ വ്യോമസേന അനുമതി നല്‍കി. ഇന്ത്യന്‍ വ്യോമസേന, നാവികസേന, വിമാനത്താവള അധികൃതര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ ആവശ്യപ്പെട്ടതോടെ ഇന്ധനം നിറയ്ക്കാനും അനുമതി നല്‍കി. കേടുപാടുകളോ സാങ്കേതിക തകരാറുകളോ കണ്ടെത്തിയിട്ടില്ല. കാലാവസ്ഥ അനുകൂലമാകുന്നതോടെ വിമാനം തിരിച്ച് കപ്പലിലേക്ക് മടങ്ങും. അമേരിക്കന്‍ നിര്‍മിതമായ ആധുനിക സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയില്‍പ്പെട്ടതാണ് എഫ് 35 ബി ലൈറ്റ്‌നിംഗ് 2 വിമാനം.