ലണ്ടന്‍: മൗറീഷ്യസില്‍ നടന്ന 1.6 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്ന് വേട്ടയില്‍ അറസ്റ്റിലായവരില്‍ ആറ് വയസ്സുള്ള ഒരു ബ്രിട്ടീഷ് ബാലനും. ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, മൗറീഷ്യസിലെ സര്‍ സീവൂസാഗുര്‍ റാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് കുട്ടി അടക്കമുള്ള ഏഴംഗസംഘം പിടിയിലായത്. പിടിയിലായവരില്‍ കുട്ടിയെ കൂടാതെ പ്രായപൂര്‍ത്തിയായ അഞ്ചു ബ്രിട്ടീഷ് യുവതികളും ഒരു റൊമാനിയന്‍ പൗരനും ആണ് ഉണ്ടായിരുന്നത്. ലണ്ടന്‍ ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തില്‍ ആണ് ഇവര്‍ മൗറീഷ്യസില്‍ എത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് വിവിധ ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ 161 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 14 കിലോഗ്രാം ഭാരമുള്ള 24 പൊതി കഞ്ചാവായിരുന്നു ആറു വയസ്സുകാരന്റെ ബാഗിലുണ്ടായിരുന്നത്.
35 വയസ്സുള്ള അമ്മയുടെ ബാഗില്‍ നിന്ന് 29 പൊതികള്‍ കണ്ടെത്തി. റൊമാനിയന്‍ പൗരന്റെ ബാഗില്‍ 32 പൊതികള്‍ ഒളിപ്പിച്ചു വച്ചിരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വിപണിയില്‍ ഏകദേശം 1.6 മില്യണ്‍ പൗണ്ട് വില വരുന്ന കഞ്ചാവാണ് പിടികൂടിയിരിക്കുന്നത് എന്നാണ് അധികൃതര്‍ പുറത്തുവിടുന്ന വിവരം. പ്രായപൂര്‍ത്തിയായ ആറുപേരെയും കസ്റ്റഡിയിലെടുത്ത പോലീസ് മഹെബര്‍ഗിലെ ഒരു മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. മൗറീഷ്യസ് മാധ്യമമായ ഡെഫി മീഡിയയുടെ റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കുട്ടിയെ യുകെയിലേക്ക് മടക്കി അയച്ചു. ബ്രിട്ടീഷ് ഹൈ കമ്മീഷനെ ബന്ധപ്പെട്ടാണ് കുട്ടിയെ സുരക്ഷിതമായി യുകെയിലേക്ക് മടക്കി അയച്ചത്. വിമാനത്താവളത്തിലെത്തിയ പിതാവ് കുട്ടിയെ സ്വീകരിച്ചതായാണ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ നിന്ന് ഇറങ്ങിയ നിമിഷം മുതല്‍ സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് കസ്റ്റംസും പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. സംശയം തോന്നി അവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കോടികളുടെ മയക്കുമരുന്ന് കണ്ടെത്തിയത്.