ലണ്ടന്‍: റഷ്യന്‍ ചാരനെന്ന് സംശയം യുകെയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ6ലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരായ ബ്രിട്ടന്റെ അന്വേഷണം നീണ്ട് നിന്നത് 20 വര്‍ഷങ്ങള്‍. ഓപ്പറേഷന്‍ വെഡ്ലോക്ക് എന്ന് പേര് നല്‍കിയ ഓപ്പറേഷന് നേതൃത്വം നല്‍കിയത് എംഐ6ന്റെ സഹോദര ഏജന്‍സിയായ MI5 ആയിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 35 ഉദ്യോഗസ്ഥരെയാണ് ഓപ്പറേഷന്‍ വെഡ്ലോക്കിലേക്ക് നിയമിച്ചത്. ഒരാഴ്ചയിലധികം അന്വേഷണ സംഘം മിഡില്‍ ഈസ്റ്റില്‍ താമസിച്ച് കൊണ്ടാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് മിഡില്‍ ഈസ്റ്റിലേക്ക് കടക്കുന്നതിനുള്ള അനുമതി അന്വേഷണ സംഘം വാങ്ങിയിരുന്നില്ല. അന്താരാഷ്ട്ര നിയമപ്രകാരം ഈ പ്രവര്‍ത്തി നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. ലണ്ടനിലെ ഒരു ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ക്രെംലിനിലേക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് 1990 കളുടെ മധ്യത്തിലും അവസാനത്തിലുമായാണ് ഓപ്പറേഷന്‍ വെഡ്ലോക്ക് എന്ന രഹസ്യ ദൗത്യം ആരംഭിച്ചത്.
അതായത് ഏകദേശം 20 വര്‍ഷങ്ങള്‍. അന്വേഷണം ഇത്ര വര്‍ഷങ്ങളോളം നീണ്ടു നിന്നെങ്കിലും ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് എന്തെങ്കിലും പങ്കുണ്ടോ എന്ന് എംഐ5ന് കണ്ടെത്താന്‍ സാധിച്ചില്ല. റഷ്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന ഏജന്റ് ഈ കാലയളവില്‍ രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഞങ്ങളുടെ കൈകളില്‍ മറ്റൊരു ഫില്‍ബി ഉണ്ടെന്ന് കരുതിയായിരുന്നു മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍. ശീതയുദ്ധകാലത്ത് ബ്രിട്ടന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ സോവിയറ്റ് യൂണിയന്‍ നിയമിച്ച ചാരനായിരുന്നു ലോകത്തിലെ ഏറ്റവും കൗശലക്കാരനായ ഡബിള്‍ ഏജന്റ് കിം ഫില്‍ബി. എംഐ6 അഥവാ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് യുകെയിലെ വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക വിദേശ നയവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയവയാണ് ഏജന്‍സിയുടെ ഉത്തരവാദിത്തം. ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണികള്‍ വിലയിരുത്തുന്ന ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയാണ് എംഐ5. ഓപ്പറേഷന്‍ വെഡ്‌ലോക്ക് ദൗത്യം 1990കളിലാണ് ആരംഭിക്കുന്നത്. 2015 വരെ അന്വേഷണം തുടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അപ്പോഴേക്കും, വെഡ്ലോക്ക് ടീം ലക്ഷ്യമിട്ട ഉദ്യോഗസ്ഥന്‍ എംഐ6 വിട്ടിരുന്നു, അക്കാലത്ത് 2,500 പേരാണ് എംഐ6ന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്നത്. ലണ്ടനില്‍ ജോലി ചെയ്തിരുന്ന ഒരു ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ റഷ്യയ്ക്ക് രഹസ്യങ്ങള്‍ കൈമാറുന്നുണ്ടെന്ന് യുഎസിലെ സിഐഎയില്‍ നിന്നാണ് എംഐ6 ഉദ്യോഗസ്ഥര്‍ക്ക് ആദ്യ സൂചന ലഭിക്കുന്നത്. അക്കാലത്ത് റഷ്യയുടെ രഹസ്യാന്വേണ ഏജന്‍സിയായ എഫ്എസ്ബി നടത്തിയിരുന്നത് വ്‌ലാഡിമര്‍ പുടിന്‍ ആയിരുന്നു. മുന്‍ ബിബിസി സുരക്ഷാ ലേഖകന്‍ ഗോര്‍ഡന്‍ കൊറേര എഴുതിയ, അടുത്തിടെ പ്രസിദ്ധീകരിച്ച 'ദി സ്‌പൈ ഇന്‍ ദി ആര്‍ക്കൈവ് എന്ന പുസ്തകത്തിലെ ഒരു അധ്യായം ഈ ഓപ്പറേഷനെക്കുറിച്ച് ആണ്. എന്നാല്‍ ആ ചാരന്‍ ആരാണെന്ന് എംഐ6 കണ്ടെത്തിയിരുന്നതായാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരാണെന്ന് കണ്ടെത്തി അയാളുടെ വീട്ടിലും കാറിലുമായി ദൃശ്യങ്ങളും സംഭാഷണങ്ങളും ലഭിക്കുന്നതിനായുള്ള സംവിധാന്‍ങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. നിരീക്ഷണ സംഘം ഉദ്യോഗസ്ഥന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ടായിരുന്നു. യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നീ നഗരങ്ങളിലെല്ലാം അയാളെ പിന്തുടര്‍ന്നു. ഈ ഒറ്റയ്ക്കല്ല പ്രവര്‍ത്തിച്ചിരുന്നതെന്നും സഹായിക്കാന്‍ ഒരു വലിയ സംഘം തന്നെ ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. എന്നാല്‍ അയാളാണ് യഥാര്‍ത്ഥ ചാരനെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും എംഐ5ന് കണ്ടെത്താന്‍ സാധിച്ചില്ല. അതുകൊണ്ട് ചുരുളഴിയാത്ത കേസുകളില്‍ ഒന്നായി തന്നെ ഇതിനെ പരിഗണിക്കേണ്ടി വന്നേക്കാം.