ലിങ്കണ്‍ഷയര്‍: ലിങ്കണ്‍ഷയറിലെ സ്റ്റാംഫോര്‍ഡിലെ ബാര്‍നാക്ക് പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ബെനഡിക്ട് ബ്ലൈത്ത് (5) മരിച്ചിട്ട് ഈ ഡിസംബര്‍ ഒന്നിന് നാല് വര്‍ഷം തികയുകയാണ്. കുട്ടി ബിസ്‌കറ്റ് കഴിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്ന കണ്ടെത്തലുമായി പീറ്റര്‍ബറോ ടൗണ്‍ ഹാളിലെ ജൂറിക്ക് മുന്നില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബെനഡിക്ട് ഒന്നിലധികം അലര്‍ജികളുള്ള കുട്ടിയായിരുന്നെന്ന് അമ്മ ഹെലന്‍ ബ്ലൈത്ത് ജൂറിയെ അറിയിച്ചു. കുട്ടിക്ക് പാല്‍, മുട്ട, ചിലതരം അണ്ടിപ്പരിപ്പുകള്‍ എന്നിവയോട് അലര്‍ജിയുണ്ടായിരുന്നതായി അവര്‍ വെളിപ്പെടുത്തി.
''ഛര്‍ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 30ന് ബെനഡിക്ടിനെ സ്‌കൂളില്‍ അയച്ചിരുന്നില്ല. പിറ്റേന്ന് ഡിസംബര്‍ ഒന്നിന് പതിവുപോലെ സ്‌കൂളിലെത്തി. വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഒരു ബിസ്‌കറ്റ് കുട്ടി കഴിച്ചു. ക്ലാസ് ടീച്ചര്‍ പാല്‍ നല്‍കിയെങ്കിലും അത് കുടിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് കുട്ടി ഛര്‍ദിക്കുകയും ഉടന്‍തന്നെ കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ശുദ്ധവായു ശ്വസിക്കാന്‍ പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു''- കേംബ്രിജ്ഷയറിലെയും പീറ്റര്‍ബറോയിലെയും ഏരിയ കൊറോണര്‍ എലിസബത്ത് ഗ്രേ ഇന്‍ക്വസ്റ്റിലെ വിധി പരിഗണിക്കുന്ന ജൂറിയെ അറിയിച്ചു. തുടര്‍ന്ന് സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും കുട്ടി പ്രതികരിച്ചില്ല. എമര്‍ജന്‍സി സര്‍വീസ് എത്തി കുട്ടിയെ പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അവിടെവെച്ച് മരണം സംഭവിച്ചു. അലര്‍ജിയോടുള്ള കുട്ടിയുടെ പതിവായുള്ള ആദ്യ പ്രതികരണം ഛര്‍ദിയായിരുന്നുവെന്ന് അമ്മ ഹെലന്‍ പറഞ്ഞു. ഭക്ഷണത്തില്‍ നിന്നുണ്ടായ അനാഫൈലക്‌സിസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ചയ്ക്കുള്ളില്‍ ജൂറി ഇന്‍ക്വസ്റ്റില്‍ വിധി പ്രസ്താവിക്കും.