ലണ്ടന്‍: നാലു മാസത്തിനിടെ രണ്ട് മക്കളെ നഷ്ടമായതിന്റെ തീരാനൊമ്പരത്തിലാണ് യുകെ സ്വിണ്ടനില്‍ താമസിക്കുന്ന കോട്ടയം ഉഴവൂര്‍ സ്വദേശികളായ കെ.സി. തോമസ്, സ്മിത എന്നിവര്‍. ന്യൂറോളജിക്കല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഏഴു വയസ്സുകാരനായ ഐഡന്‍ തോമസ് മരിച്ചത്. സ്വിണ്ടന്‍ ഗ്രേറ്റ് വെസ്റ്റേണ്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.
രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐഡന്‍ കഴിഞ്ഞ രണ്ടു മാസമായി യുകെയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 10 ദിവസം മുന്‍പാണ് സ്വിണ്ടന്‍ ആശുപത്രിയില്‍ ചികിത്സയില്‍ നേടിയത്. ഇതേഅസുഖത്തെ തുടര്‍ന്ന് മാര്‍ച്ച് നാലിനാണ് ഐഡന്റെ സഹോദരി ഐറിന്‍ സ്മിത തോമസ് അന്തരിച്ചത്. 2024 മാര്‍ച്ച് 22 നാണ് അമ്മയ്ക്ക് ജോലി ലഭിച്ചതിനെ തുടര്‍ന്ന് ആശ്രിത വീസയില്‍ സഹോദരങ്ങളായ അഭിജിത്ത്, ഐറിന്‍ എന്നിവര്‍ക്ക് ഒപ്പം ഐഡന്‍ യുകെയില്‍ എത്തിയത്. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശികളാണ് ഐഡന്റെ കുടുംബം. ഐഡന്റെ സഹോദരി ഐറിനെ അടക്കിയ സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയില്‍ വെച്ച് സംസ്‌കാരം നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. അതിനായുള്ള ക്രമീകരണങ്ങള്‍ നടന്നു വരികയാണെന്നും തീയതി പിന്നീട് അറിയിക്കുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.