ലണ്ടന്‍: മിഡ്ലാന്‍സിലെ മികച്ച സൗത്ത് ഏഷ്യന്‍ റസ്റ്ററന്റിനുള്ള ഫുഡ് ആന്‍ഡ് ഡ്രിങ്ക് ഹോസ്പിറ്റാലിറ്റി അവാര്‍ഡ് മലയാളി റസ്റ്ററന്റ് 'ഇഞ്ചി'ക്ക്. ഒന്നരവര്‍ഷക്കാലത്തെ മികച്ച പ്രവര്‍ത്തനം കൊണ്ട് മിഡ്ലാന്‍സിലെ സൗത്ത് ഏഷ്യന്‍ റസ്റ്ററന്റുകളുടെ പട്ടികയില്‍ മുന്നിലെത്തിയ ഇഞ്ചിക്ക് ഇത് രുചിക്കൂട്ടുകള്‍ക്കും ആതിഥേയ മര്യാദയ്ക്കും ലഭിച്ച മധുരമുള്ള അംഗീകാരമാണ്. സൗത്ത് ഏഷ്യന്‍ ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കാനും അതിഥി സല്‍ക്കാരത്തിന്റെ പുത്തന്‍ അനുഭൂതി നുകരാനും മിഡ്ലാന്‍സിലെ മികച്ച ഇടമായി മാറാന്‍ ഇഞ്ചിക്ക് ഏറെക്കാലം വേണ്ടിവന്നില്ല. സട്ടണിലെ കോള്‍ഡ്ഫീല്‍ഡിലുള്ള (ബര്‍മിങ്ങാം റോഡ്) ഇഞ്ചിയില്‍ കേരള വിഭവങ്ങള്‍ തേടിയാണ് ഏറെ ഭക്ഷണപ്രേമികളും എത്തുന്നത്. തനതു കേരള വിഭവങ്ങള്‍ക്കു പുറമേ എല്ലാ ദക്ഷിണേന്ത്യന്‍ ഭക്ഷണവിഭവങ്ങളും ആസ്വദിച്ച് അനുഭവിക്കാമെന്നതാണ് ഇഞ്ചിയുടെ സവിശേഷത. തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള പരീക്ഷണങ്ങളിലൂടെ കൊതിയൂറുന്ന പുതിയ വിഭവങ്ങള്‍ ഒരുക്കുന്നതാണ് ഇഞ്ചിയുടെ പ്രത്യേകത.
ഇഞ്ചിയുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ടീമിന് ലഭിച്ച അംഗീകാരമാണ് ഈ അവാര്‍ഡെന്ന് റസ്റ്ററന്റ് ഉടമ ടി.എ. സെബാസ്റ്റ്യന്‍ പറഞ്ഞു. തെക്കേ ഇന്ത്യന്‍ പാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ള പുതിയൊരു ഭക്ഷണസംസ്‌കാരം മിഡ്ലാന്‍സിന് സമ്മാനിക്കുകകായിരുന്നു ഇഞ്ചിയിലൂടെ ലക്ഷ്യമിട്ടത്. ഇത് വിജയിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇഞ്ചിയിലെ ഓരോ വിഭവവും കേരളീയ രുചിക്കൂട്ടുകളുടെ ആഘോഷംകൂടിയാണെന്ന് ഹെഡ് ഷെഫ് നിതിന്‍ അഭിപ്രായപ്പെട്ടു. മല്‍സ്യവിഭവങ്ങളും വ്യത്യസ്തയിനം ചമ്മന്തികളും അടങ്ങുന്ന സ്‌പെഷല്‍ കോമ്പിനേഷനുകള്‍ രുചിലോകത്തെ തങ്ങളുടെ അതിര്‍ത്തികള്‍ വിപുലമാക്കുന്നതാണെന്നും നിതില്‍ പറയുന്നു. പബ്ലിക് വോട്ടിങ്ങിലൂടെയും ഇന്‍ഡസ്ട്രി ജഡ്ജിമാരുടെ വിലയിരുത്തലിലൂടെയുമാണ് മിഡ്ലാന്‍ഡ് ഹോസ്പിറ്റാലിറ്റി അവാര്‍ഡ് വിജയികളെ തിരഞ്ഞെടുക്കുന്നത്.