Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
റിഫോം യുകെ അധികാരത്തില്‍ കയറുമെന്ന് സര്‍വേ റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയിലും തീവ്ര വലതുപക്ഷം രംഗം പിടിച്ചടക്കുകയാണോ? ലോകമെങ്ങും നടക്കുന്ന തീവ്രവലത് പോപ്പുലിസ്റ്റ് തരംഗത്തിന്റെ ഭാഗമാകാന്‍ യുകെയും തയ്യാറെടുക്കുന്നു എന്ന സൂചന നല്‍കുന്നതാണ് യുഗോവ് നടത്തിയ ഒരു അഭിപ്രായ സര്‍വ്വേയുടെ ഫലം. 2025 ജൂണ്‍ 26-ന് പുറത്തിറങ്ങിയ ഈ പോള്‍ കാണിക്കുന്നത് ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ തീവ്ര വലതുപക്ഷ ദേശീയവാദി കക്ഷിയായ 'റിഫോം യുകെ' പാര്‍ട്ടി ബ്രിട്ടനിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറുമെന്നാണ്. ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റുകളില്‍ 271 സീറ്റുകളും നേടി വമ്പിച്ച മുന്നേറ്റം നടത്തുമെന്ന് യുഗോവ് പോള്‍ പറയുന്നു.

നിലവിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി 178 സീറ്റിലേക്ക് ഒതുങ്ങി രണ്ടാം സ്ഥാനത്തെത്തുമെന്നും അഭിപ്രായ സര്‍വ്വേയുടെ ഫലം പറയുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു സഖ്യത്തിന് മാത്രമേ സാധിക്കൂ. റിഫോം പാര്‍ട്ടിയുടെ മേതൃത്വത്തില്‍ ഒരു തൂക്കു പാര്‍ലമെന്റായിരിക്കും അധികാരത്തിലെത്തുക. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വെറും 46 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പോള്‍ പറയുന്നത്. 2024-ല്‍ തെരഞ്ഞെടുപ്പ് പരാജയം നേരിട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ട് പോകുമെന്നാണ് സര്‍വ്വേ പറയുന്നത്.

ബ്രെക്‌സിറ്റ് പ്രശ്‌നങ്ങള്‍ക്കിടയില്‍ തീവ്ര നിലപാടുകളുമായി 2018-ല്‍ രൂപീകരിക്കപ്പെട്ട 'ബ്രെക്‌സിറ്റ് പാര്‍ട്ടി'യാണ് പിന്നീട് പല രൂപാന്തരങ്ങള്‍ക്ക് വിധേയമായി ഇപ്പോള്‍ റിഫോം യുകെ എന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നത്. പലപ്പോഴായി യുകെയില്‍ തീവ്ര വലതുപക്ഷം വളര്‍ന്നു വന്നിട്ടുണ്ടെങ്കിലും മുഖ്യധാര അധികാരശക്തിയായി മാറിയിട്ടില്ല. ബോറിസ് ജോണ്‍സന്റെ കാലയളവില്‍ തീവ്രദേശീയതയിലേക്ക് യുകെ പോകുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് കണ്‍സര്‍വ്വേറ്റീവ് പാര്‍ട്ടി വളരുന്ന ദേശീയതാ വൈകാരികതയെ മുതലെടുക്കാനെന്നോണം കുടിയേറ്റ വിരുദ്ധത, തീവ്ര ദേശീയത തുടങ്ങിയവ പയറ്റുകയുണ്ടായി.

റിഫോം യുകെ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് നൈജല്‍ ഫാരാജ് വീണ്ടും കടന്നു വന്നതിനു ശേഷം പാര്‍ട്ടിക്ക് വലിയ വളര്‍ച്ച സംഭവിച്ചുവെന്നാണ് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നത്. ഇതിന് കാരണമായത് അദ്ദേഹമെടുത്ത ചില തന്ത്രപരമായ നിലപാടുകളാണ്. തീവ്ര വലതുപക്ഷ യൂറോപ്യന്‍ സംഘങ്ങളില്‍ നിന്ന് പാര്‍ട്ടിയെ അദ്ദേഹം രക്ഷിച്ചെടുത്തു. വംശീയത ആരോപിക്കപ്പെടുന്ന അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

നിയമവിരുദ്ധമായ കുടിയേറ്റം തടയുക, ബോട്ടുകളില്‍ കയറി കുടിയേറ്റക്കാര്‍ എത്തുന്നത് തടയുക, രാജ്യത്തിന് അനിവാര്യമല്ലാത്ത കുടിയേറ്റം മരവിപ്പിക്കുക, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ പൂര്‍ണമായി ഇല്ലാതാക്കണം എന്ന് കരാര്‍ ചെയ്യുന്ന കാലാവസ്ഥാ നയങ്ങളെ എതിര്‍ക്കുക, വടക്കന്‍ കടലിലെ എണ്ണ, വാതക വികസനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് റിഫോം യുകെ മുമ്പോട്ടു വെക്കുന്ന നിലപാടുകള്‍. ഇതെല്ലാം വെച്ചുള്ള പാര്‍ട്ടിയുടെ പ്രകടന പത്രികയ്ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത കിട്ടുന്നതായി അഭിപ്രായ സര്‍വ്വേ പറയുന്നു.

റിഫോം യുകെ പാര്‍ട്ടി നിരവധി കണ്‍സര്‍വേറ്റീവ് പ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നതായി അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കണ്‍സര്‍വേറ്റീവ് വോട്ടുകള്‍ ഭിന്നിക്കും. ലേബര്‍ പാര്‍ട്ടിയുടെ ഭരണത്തിന്‍കീഴിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍, പൊതുസേവന പ്രതിസന്ധികള്‍ തുടങ്ങിയവയും റിഫോം പാര്‍ട്ടിക്ക് അനുകൂല ഘടകമായി വരുന്നുണ്ട്. യുകെ പരമ്പരാഗതമായി തുടരുന്നത് ദ്വികക്ഷി ആധിപത്യമാണ്. ലേബര്‍ കക്ഷിയും കണ്‍സര്‍വേറ്റീവ് കക്ഷിയും മാറിമാറി ഭരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതില്‍ നിന്ന് ഒരു ബഹുകക്ഷി സംവിധാനത്തിലേക്ക് യുകെ മാറുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

 
Other News in this category

 
 




 
Close Window