ഡമാസ്‌കസ്: 14 വര്‍ഷങ്ങള്‍ക്ക് ശേഷം സിറിയയുമായി ബന്ധം പുനസ്ഥാപിച്ച് ബ്രിട്ടന്‍. വര്‍ഷങ്ങളായി സിറിയയില്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തിനുശേഷം ബ്രിട്ടന്‍ സിറിയയുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്കുള്ള സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ചു. 14 വര്‍ഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് മന്ത്രി സിറിയ സന്ദര്‍ശിക്കുന്നത്. അടിയന്തര മാനുഷിക സഹായത്തിനും സിറിയയുടെ ദീര്‍ഘകാല വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും മേഖലയിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ആതിഥേയത്വം നല്‍കുന്ന രാജ്യങ്ങളെ സഹായിക്കുന്നതിനുമായി 129 മില്യണ്‍ ഡോളര്‍ ഡേവിഡ് ലാമി വാഗ്ദാനം ചെയ്തു. 'എല്ലാ സിറിയക്കാര്‍ക്കും സുസ്ഥിരവും കൂടുതല്‍ സുരക്ഷിതവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനായി പുതിയ സര്‍ക്കാരിനെ പിന്തുണക്കാന്‍ ബ്രിട്ടന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ സിറിയയുമായി യു.കെ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയാണ്,' ലാമി പ്രസ്താവനയില്‍ പറഞ്ഞു.
സിറിയയുടെ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട ചിത്രങ്ങളില്‍ ഡേവിഡ് ലാമി ഡമാസ്‌കസില്‍ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയുമായി കൈ പിടിച്ച് നില്‍ക്കുന്നത് കാണാം. കൂടാതെ ലാമി സിറിയന്‍ വിദേശകാര്യ മന്ത്രി ആസാദ് അല്‍-ഷൈബാനിയുമായി കൂടിക്കാഴ്ച നടത്തുന്നതും സഹാറയുടെ ഓഫീസ് പുറത്തുവിട്ട ചിത്രങ്ങളില്‍ കാണാം. ക്രമരഹിതമായ കുടിയേറ്റം കുറക്കുന്നതിനും, രാസായുധങ്ങള്‍ ഇല്ലാതാക്കുന്നത് ഉറപ്പാക്കുന്നതിനും, ഭീകരവാദ ഭീഷണികള്‍ നേരിടുന്നതിനും സിറിയയെ പിന്തുണക്കുക എന്നതാണ് യു.കെ ലക്ഷ്യമിടുന്നതെന്ന് ലാമി പ്രസ്താവിച്ചു. പതിമൂന്ന് വര്‍ഷത്തിലേറെ നീണ്ട യുദ്ധത്തിനൊടുവില്‍ ഡിസംബറില്‍ ഇസ്ലാമിസ്റ്റ് ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത സേന ബഷാര്‍ അല്‍-അസദിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. അസദ് കുടുംബത്തോടൊപ്പം മോസ്‌കോയിലേക്ക് പലായനം ചെയ്തു. പിന്നാലെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സിറിയയോടുള്ള സമീപനം പതുക്കെ മാറ്റിത്തുടങ്ങി.
ദിവസങ്ങള്‍ക്ക് മുമ്പ്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സിറിയക്കെതിരായ യു.എസ് ഉപരോധങ്ങളില്‍ ചിലത് അവസാനിപ്പിക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു. ഇതോടെ ഡമാസ്‌കസിന്റെ രാസായുധ പദ്ധതിയുടെ പേരില്‍ സിറിയന്‍ സര്‍ക്കാര്‍ സ്വത്തുക്കള്‍ മരവിപ്പിക്കുകയും സിറിയയിലേക്കുള്ള കയറ്റുമതി പരിമിതപ്പെടുത്തുകയും ചെയ്ത അമേരിക്കയുടെ 2004 ലെ ഉത്തരവ് റദ്ദാക്കി. ഏപ്രിലില്‍ ബ്രിട്ടന്‍ സിറിയക്കെതിരായ ഉപരോധങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിരുന്നു. അതേസമയം ബ്രിട്ടനും അമേരിക്കയും സിറിയയുടെ മുന്‍ ഭരണകൂടവുമായി ബന്ധമുള്ള വ്യക്തികള്‍ക്കെതിരെയുള്ള ഉപരോധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു.