ലണ്ടന്‍: നാട്ടില്‍ നിന്ന് കുടുംബമായി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുമ്പോള്‍ മിക്കവരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് കുട്ടികളുടെ പഠനം. എല്ലാവര്‍ക്കും ആഗ്രഹിച്ച മികച്ച അന്തരീക്ഷത്തില്‍ സ്‌കൂള്‍ പ്രവേശനം ലഭിക്കണമെന്നില്ല. എന്നാല്‍ മികച്ച സൗകര്യങ്ങളും സൗഹൃദാന്തരീക്ഷവും ലഭിക്കുന്നവരും കുറവല്ല. 2022ല്‍ എറണാകുളം ജില്ലയിലെ കോതമംഗലത്ത് നിന്നും യുകെയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അതിനെ അവര്‍ ഫലപ്രദമായി നേരിട്ടതും മാതൃകാപരമായി മാറിയിരിക്കുകയാണ്. ഒപ്പം യുകെ മലയാളികള്‍ക്കിടയില്‍ വ്യാപകമായ ചര്‍ച്ചയ്ക്കും. യുകെയിലെ ലീഡ്സിന് സമീപം ബ്രാഡ്‌ഫോഡില്‍ കുടുംബമായി താമസിക്കുന്ന നൗഷാദ് പറമ്പന്‍കാട്ടിന്റെ മകള്‍ ആയിഷ സുമറൂണ്‍ 11 വയസ്സുള്ളപ്പോള്‍ ആണ് ബെഡ്‌ഫോഡിലെ സ്വകാര്യ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായി പ്രവേശനം നേടുന്നത്. സ്‌കൂളില്‍ ചേര്‍ന്ന ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ തദ്ദേശീയരായ സഹ വിദ്യാര്‍ഥികളില്‍ നിന്നും ഉപദ്രവം ഏല്‍ക്കേണ്ടി വരിക പതിവായിരുന്നു.
സ്‌കൂള്‍ വിട്ട് കരഞ്ഞു കൊണ്ട് വീട്ടിലേക്ക് എത്തുന്ന ആയിഷയുടെ മുഖം സഹിക്കാവുന്നതിനും അപ്പുറമായിരുന്നുവെന്ന് ഫെമിന നൗഷാദ് നെല്ലിക്കുഴിയും പറഞ്ഞു. തുടര്‍ന്ന് നൗഷാദ് മകളെ മാര്‍ഷല്‍ ആര്‍ട്‌സ് പഠിപ്പിക്കാന്‍ വിട്ടു. മകള്‍ ഇനി ഇങ്ങനെ പോയാല്‍ പറ്റില്ല, അടി കിട്ടിയാല്‍ തിരിച്ചു അടി കിട്ടുമെന്ന് ഉപദ്രവിക്കുന്നവര്‍ക്ക് മനസ്സിലാക്കണം എന്നതായിരുന്നു ആഗ്രഹം. എന്തായാലും ആഗ്രഹം പോലെ പിന്നീട് മകള്‍ക്ക് ഉപദ്രവം ഒന്നും ഏല്‍ക്കേണ്ടി വന്നില്ല. അഥവാ വന്നാല്‍ അടി കൊള്ളും എന്ന് എല്ലാവരെയും ആയിഷ ബോധ്യപ്പെടുത്തി എന്ന് തന്നെ പറയാം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ടിലെ ലീഡ്സ് ഓപ്പണ്‍ കിക്ക്ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ 'കണ്ടിന്യൂസ് ഫൈറ്റ്' ഇനത്തില്‍ സ്വര്‍ണ്ണ ട്രോഫി നേടി അഭിമാനമായി മാറിയിരിക്കുകയാണ് ആയിഷ. ആയിഷ ഇപ്പോള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഒപ്പം ഡിക്‌സന്‍സ് മാക്മിലന്‍ അക്കാദമി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഭിമാന താരവും. ഖദീജ കോമ്പാറ്റ് അക്കാദമിയിലാണ് രണ്ട് വര്‍ഷമായി മാര്‍ഷല്‍ ആര്‍ട്‌സ് പഠനം. പര്‍പ്പിള്‍ വണ്‍ സ്ട്രിപ്പ് ബെല്‍റ്റ് ആണ് ഇപ്പോള്‍ മാര്‍ഷല്‍ ആര്‍ട്‌സില്‍ ആയിഷ നേടിയിട്ടുള്ളത്. ആയിഷയുടെ സഹോദരന്‍ ആഗ മുഹമ്മദ് സുല്‍ത്താന്‍ സെന്റ് സ്റ്റീഫന്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാപിതാക്കള്‍ ഇരുവരും കോതമംഗലം സ്വദേശികളും ബ്രാഡ്‌ഫോഡിലെ സീനിയര്‍ കെയര്‍ വര്‍ക്കേഴ്‌സുമാണ്.